കൊച്ചി: മരണവീടുകളിൽ വെച്ച് പോലും മരിച്ച വ്യക്തിയുടെ ജീവിതരീതികളെയും ശീലങ്ങളെയും കുറിച്ച് വിധി പറയുന്ന മനുഷ്യരെക്കുറിച്ചുള്ള നടൻ സിദ്ദിഖിന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. അടുത്തിടെ അന്തരിച്ച തന്റെ ഒരു സുഹൃത്തിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയപ്പോൾ ഉണ്ടായ അനുഭവമാണ് സിദ്ദിഖ് ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചത്. മരണം ആരുടേയും കുറ്റമല്ലെങ്കിലും, മരിച്ചു കിടക്കുമ്പോൾ മറ്റുള്ളവർ വന്ന് കുറ്റപ്പെടുത്തുമല്ലോ എന്നോർത്ത് തനിക്ക് മരിക്കാൻ തന്നെ ഭയം തോന്നുന്നുവെന്നാണ് സിദ്ദിഖ് കുറിച്ചത്.
സിദ്ദിഖിന്റെ കുറിപ്പിൽ നിന്ന്:
മരണവീട്ടിലേക്ക് നമ്മൾ ഓടിയെത്തുന്നത് ദുഃഖത്തോടെ മാത്രമല്ല, മറിച്ച് മരിച്ചത് താനല്ലല്ലോ എന്ന ചെറിയൊരു ആശ്വാസത്തോടെയുമാണെന്ന് എവിടെയോ വായിച്ച ഒരു ഓർമ്മയുണ്ടെന്ന് സിദ്ദിഖ് കുറിപ്പിൽ പറയുന്നു. മറ്റുള്ളവർ പോകുമ്പോഴും നമ്മൾ ഇവിടെയുണ്ടല്ലോ എന്ന സന്തോഷം പലരിലുമുണ്ട്. എന്നാൽ മരിച്ച വ്യക്തിയെ അയാളുടെ മരണത്തിന്റെ പേരിൽ കുറ്റപ്പെടുത്തുന്നത് കേൾക്കുമ്പോൾ ദുഃഖമോ ദേഷ്യമോ അല്ല, ഒരുതരം ഞെട്ടലാണ് അനുഭവപ്പെടുന്നതെന്ന് അദ്ദേഹം പറയുന്നു.
തന്റെ സുഹൃത്തിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തപ്പോൾ, അവിടെ കൂടിനിന്ന ചിലർ മരിച്ചയാളുടെ ആരോഗ്യസ്ഥിതിയെയും ജീവിതരീതികളെയും കുറ്റപ്പെടുത്തുന്നത് താൻ കേട്ടതായി സിദ്ദിഖ് പറയുന്നു. “ഷുഗർ ഉണ്ടായിരുന്നോ?”, “പ്രഷർ കൂടിയിരുന്നോ?”, “വ്യായാമം ഇല്ലായിരുന്നോ?”, “ചോറ് ഒരുപാട് കഴിക്കുമായിരുന്നോ?” തുടങ്ങിയ ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും അവിടെ ചർച്ചയായി. സ്വന്തം ആരോഗ്യത്തെയും ശീലങ്ങളെയും കുറിച്ച് പുകഴ്ത്തിപ്പറയാനും ചിലർ ഈ അവസരം ഉപയോഗിച്ചു.
“ജീവിച്ചിരിക്കുമ്പോൾ ഒരാളെപ്പറ്റി നല്ലത് പറയാത്ത നമ്മൾ, മരിക്കുമ്പോൾ അയാളെ വാനോളം പുകഴ്ത്തും. എന്നാൽ മരിച്ചു കിടക്കുന്ന ഒരാളെ ഇങ്ങനെ കുറ്റപ്പെടുത്തുന്നത് എന്തിനായിരിക്കും?” സിദ്ദിഖ് ചോദിക്കുന്നു. മരണം തന്നെ പിടികൂടാത്തത് സ്വന്തം മിടുക്ക് കൊണ്ടാണെന്ന് ഇവർ കരുതുന്നുണ്ടാവുമോ എന്നും അദ്ദേഹം ചോദിക്കുന്നു. “നാളെ ഞാനും ഇതുപോലെ വെള്ള പുതച്ചു കിടക്കുമ്പോൾ, എന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണെന്ന് അവകാശപ്പെടുന്നവർ വന്ന് നിന്ന്, എന്നെക്കുറിച്ചും ഇതുപോലെ പറഞ്ഞു രസിക്കില്ലേ?” എന്ന ആശങ്കയും അദ്ദേഹം പങ്കുവെക്കുന്നു.
“മരണം ആരുടെയും കുറ്റമല്ല.. ആരും അറിഞ്ഞുകൊണ്ട് വിളിച്ചു വരുത്തുന്നതുമല്ല..” എന്ന് പറഞ്ഞുകൊണ്ടാണ് സിദ്ദിഖ് കുറിപ്പ് അവസാനിപ്പിക്കുന്നത്. ജീവിക്കാൻ ധൈര്യമില്ലാത്തവർ ആത്മഹത്യ ചെയ്യുന്നുവെന്നും അതിനും ധൈര്യമില്ലാത്തവർ ഇപ്പോഴും ഇവിടെ ജീവിക്കുന്നുവെന്നും കുറിപ്പിൽ പറയുന്നു. മരണവീടുകളിൽ പലർക്കും നേരിടേണ്ടി വരുന്ന ഇത്തരം അനുഭവങ്ങളെക്കുറിച്ചുള്ള ഈ കുറിപ്പ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിക്കഴിഞ്ഞു.




+ There are no comments
Add yours