തിരുവനന്തപുരം: ലിയോണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിൽ എത്തിക്കുമെന്ന് അവകാശപ്പെട്ട് നടന്ന സാമ്പത്തിക തട്ടിപ്പിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെതിരെ അന്വേഷണം നടത്താൻ ഗവർണറുടെ അനുമതി. കേസിൽ മുൻ മന്ത്രിയെന്ന നിലയിൽ ഇദ്ദേഹത്തെ പ്രതിചേർക്കുന്നതിനാണ് സർക്കാർ ഗവർണറുടെ അനുമതി തേടിയത്.
സാമ്പത്തിക ഇടപാടുകളിലും വിദേശയാത്രകളിലും അന്വേഷണം
മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന വാഗ്ദാനത്തിന് പിന്നിൽ നടന്ന ദുരൂഹമായ സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേടുകളാണ് പ്രധാനമായും അന്വേഷണ പരിധിയിലുള്ളത്. ഈ പദ്ധതിയുടെ പേരിൽ മുൻ കായികമന്ത്രി ഉൾപ്പെടെയുള്ളവർ നടത്തിയ വിദേശയാത്രകളും പരിശോധിക്കും. ഇതിന് പുറമെ പദ്ധതിയുമായി ബന്ധപ്പെട്ട് വഴിവിട്ട ഇടപെടലുകൾ നടത്തിയെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയ യു. ഷറഫലി, സി. സത്യപാലൻ എന്നിവർക്കെതിരെ അന്വേഷണം നടത്താൻ സർക്കാർ നേരത്തെ തന്നെ അനുമതി നൽകിയിരുന്നു.
126 കോടി കൈമാറിയതിന് രേഖകളില്ല
അർജന്റീന ഫുട്ബോൾ അസോസിയേഷന് (AFA) ഒൻപത് മില്യൺ യു.എസ് ഡോളർ (ഏകദേശം 126 കോടി രൂപ) നൽകിയെന്ന സ്പോൺസറുടെ അവകാശവാദം തെളിയിക്കുന്ന യാതൊരു ഔദ്യോഗിക രേഖകളും സർക്കാരിന്റെ പക്കലില്ലെന്ന് നിലവിലെ കായികമന്ത്രി ഒ.ജെ. ജനീഷ് നിയമസഭയിൽ വ്യക്തമാക്കി. ഇത്രയും വലിയ തുക കൈമാറിയതിന്റെ ബാങ്ക് രേഖകളോ ഔദ്യോഗിക രസീതുകളോ സർക്കാരിന് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം സഭയെ അറിയിച്ചു. ഇതോടെയാണ് വൻ സാമ്പത്തിക തട്ടിപ്പിന്റെ വിവരങ്ങൾ കൂടുതൽ വ്യക്തമാകുന്നത്.




+ There are no comments
Add yours