കൊച്ചി: സംസ്ഥാനത്ത് അരിവില അനിയന്ത്രിതമായി വർദ്ധിക്കുന്ന സാഹചര്യമുണ്ടാകില്ലെന്നും, വിപണിയിൽ കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നത് ഒരു കാരണവശാലും അനുവദിക്കില്ലെന്നും മന്ത്രി അനൂപ് ജേക്കബ്. വിപണിയിൽ വില കൂടിയാൽ അരിയുടെ ലഭ്യത വർദ്ധിപ്പിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൊച്ചിയിൽ വ്യക്തമാക്കി.
വിലക്കയറ്റം തടയാൻ കർശന നിർദ്ദേശം; ആശങ്കയറിയിക്കും
പൊതുവിപണിയിലെ അരിവില സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഒ.എം.എസ്.എസ് (OMSS) നിരക്കിലുള്ള അരി കൂടുതൽ ലഭ്യമാക്കാനുള്ള നടപടികൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. വിലക്കയറ്റം തടയുന്നതിനായി സിവിൽ സപ്ലൈസ് കമ്മീഷണർക്ക് പ്രത്യേകം നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. എഥനോൾ ഉല്പാദനം വർദ്ധിപ്പിക്കാനുള്ള തീരുമാനം രാജ്യത്തെ ഭക്ഷ്യഭദ്രതയെ ബാധിക്കാൻ പാടില്ല. ഇക്കാര്യത്തിലുള്ള സംസ്ഥാനത്തിന്റെ ആശങ്ക കേന്ദ്ര സർക്കാരിനെ അറിയിക്കുമെന്നും വിഷയത്തിൽ കേന്ദ്രത്തിന്റെ ഇടപെടൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
ഇ-20 പെട്രോൾ പരിശോധനാ ഫലം പത്ത് ദിവസത്തിനകം
ഇ-20 പെട്രോൾ പരിശോധനയുമായി ബന്ധപ്പെട്ടും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് പരിശോധനയ്ക്കുള്ള സാമ്പിളുകൾ ശേഖരിച്ചിട്ടുള്ളത്. ഈ സാമ്പിളുകൾ കെമിക്കൽ ലാബിലേക്ക് കൈമാറിയിട്ടുണ്ട്. പത്ത് ദിവസത്തിനകം ഇതിന്റെ പരിശോധനാ റിപ്പോർട്ട് ലഭിക്കുമെന്നും, ഈ വിഷയത്തെ മുൻവിധിയോടെയല്ല സർക്കാർ സമീപിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.





+ There are no comments
Add yours