ഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട വിവാദങ്ങളിലും പ്രതിപക്ഷ പ്രതിഷേധങ്ങളിലും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. രാഹുൽ ഗാന്ധി കള്ളം മാത്രം പറയുന്ന നേതാവാണെന്നും അദ്ദേഹം തന്റെ ഫ്രോഡ് രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. പിണറായി വിജയനെ സംരക്ഷിക്കുന്നത് രാഹുൽ ഗാന്ധിയാണ്. ശബരിമല വിഷയം ഉപയോഗിച്ച് വോട്ട് നേടിയ കോൺഗ്രസ്, അധികാരത്തിൽ വന്നിട്ടും കൊള്ളയെക്കുറിച്ച് ഒന്നും പറഞ്ഞില്ല. മതമാണ് പ്രശ്നമെന്ന് പറഞ്ഞയാളെയും കെ.എം. ഷാജിയെയും മന്ത്രിയാക്കിയത് രാഹുൽ ഗാന്ധിയാണ്. പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും രാജ്യദ്രോഹിയെന്നാണ് അദ്ദേഹം വിളിച്ചതെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.
ജിജി തോംസന്റെ വെളിപ്പെടുത്തലുകളോടും അദ്ദേഹം പ്രതികരിച്ചു. സീറോയായ വ്യക്തികളെ ഹീറോ ആക്കാൻ താനില്ലെന്നും, അദ്ദേഹത്തെക്കുറിച്ച് മികച്ച അഭിപ്രായമില്ലെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. അഴിമതി ആരോപണങ്ങൾ നേരിട്ട ഉദ്യോഗസ്ഥനാണ് ജിജി തോംസൺ. തനിക്കൊപ്പം പോഡ്കാസ്റ്റ് ചെയ്തപ്പോൾ അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരുന്നില്ല. ബി.ജെ.പിയിൽ നിന്ന് ഓഫർ ലഭിക്കാത്തതിനെ തുടർന്ന് വി.ഡി. സതീശൻ എന്തെങ്കിലും ഓഫർ നൽകിയതുകൊണ്ടാകാം അദ്ദേഹം ഇപ്പോൾ ഇങ്ങനെ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സി.എം.ആർ.എൽ കർത്തായുടെ ഡയറിയിൽ വി. മുരളീധരന്റെ പേര് വന്നതിനെക്കുറിച്ച് അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുള്ളതിനാൽ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കേണ്ടതില്ല. മുൻ മുഖ്യമന്ത്രിയുടെ മകൾ ക്രിമിനലാണെന്ന് തെളിവുണ്ടായിട്ടും യു.ഡി.എഫ് സർക്കാർ എന്തുകൊണ്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.




+ There are no comments
Add yours