കായംകുളം എൽമെക്സ് ആശുപത്രിയിൽ ചികിത്സാ പിഴവുമൂലം യുവാവ് മരിച്ചതായി പരാതി; ഡോക്ടർക്കും ആശുപത്രിക്കുമെതിരെ കേസെടുത്തു

Estimated read time 1 min read

ആലപ്പുഴ: കായംകുളം എൽമെക്സ് ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ച സംഭവത്തിൽ ഗുരുതര ചികിത്സാ പിഴവുകൾ ആരോപിച്ച് ബന്ധുക്കൾ. ആലപ്പുഴ പത്തിയൂർ സ്വദേശിയായ അനൂപ് എസ് (37) ആണ് മരിച്ചത്. രോഗിയുടെ ആരോഗ്യനില വഷളായിട്ടും വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ അധികൃതർ അനുവദിച്ചില്ലെന്നാണ് കുടുംബത്തിന്റെ പ്രധാന പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ആശുപത്രിയെയും ചികിത്സിച്ച ഡോക്ടറെയും പ്രതിചേർത്ത് പൊലീസ് കേസെടുത്തു.

ഹൃദയാഘാതത്തെ തുടർന്ന് ഈ മാസം 14-നാണ് അനൂപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിലായിരുന്ന യുവാവിനെ 18 മണിക്കൂറുകൾക്ക് ശേഷം വെന്റിലേറ്ററിൽ നിന്ന് മാറ്റുകയും, തുടർന്ന് പഴയ ആരോഗ്യനില വീണ്ടെടുക്കുകയും ചെയ്തിരുന്നു. എന്നാൽ രണ്ട് ദിവസത്തിന് ശേഷം അനൂപ് അക്രമാസക്തനായതോടെ ഡോക്ടർമാർ സെഡേഷൻ നൽകുകയും കൈകാലുകൾ കെട്ടിയിടുകയും ചെയ്തുവെന്ന് സഹോദരി പറയുന്നു.

തുടർന്ന് ആരോഗ്യനില കൂടുതൽ വഷളായപ്പോൾ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും അധികൃതർ അതിന് സമ്മതിച്ചില്ല. മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയായിരുന്നിട്ടും ഒരു ന്യൂറോ ഡോക്ടറെ കാണാനായി ഒന്നര ദിവസത്തോളമാണ് കാത്തുനിൽക്കേണ്ടി വന്നതെന്നും, ആവശ്യപ്പെട്ട മെഡിക്കൽ റിപ്പോർട്ടുകൾ നൽകാൻ പോലും ആശുപത്രി അധികൃതർ തയ്യാറായില്ലെന്നും സഹോദരി ആരോപിച്ചു. കൃത്യസമയത്ത് ഡോക്ടർമാരുടെ സേവനം ലഭിക്കാത്തതും ചികിത്സാ പിഴവുമാണ് മരണകാരണമെന്ന് ആരോപിച്ച ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധം തുടരുകയാണ്.

+ There are no comments

Add yours