മധുര: തമിഴ്‌നാട് സർക്കാരിന്റെ അഭിമാന പദ്ധതിയായ ‘തായ്മാമൻ തങ്കമോതിരം’ മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഉദ്ഘാടനം ചെയ്തു. മധുരയിലെ രാജാജി സർക്കാർ ആശുപത്രിയിലായിരുന്നു ഉദ്ഘാടനച്ചടങ്ങ്. അമ്മയുടെ സഹോദരൻ എന്നർത്ഥം വരുന്ന ‘തായ് മാമൻ’, സഹോദരിയുടെ കുഞ്ഞിന് സ്വർണം സമ്മാനിക്കുക എന്ന തമിഴ് പാരമ്പര്യത്തെ അടിസ്ഥാനമാക്കിയാണ് തമിഴക വെട്രി കഴകം സർക്കാർ ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിക്കായി 755.83 കോടി രൂപയാണ് ഈ വർഷം സർക്കാർ വകയിരുത്തിയിട്ടുള്ളത്.
കഴിഞ്ഞ ജൂൺ 22 മുതൽ ജനിച്ച 1,28,000 കുട്ടികൾക്കാണ് പദ്ധതിയുടെ ഭാഗമായി ഇന്ന് സ്വർണമോതിരവും ബേബി കിറ്റും വിതരണം ചെയ്യുന്നത്. വിതരണത്തിനായി സംസ്ഥാനത്തുടനീളം 102 സെന്ററുകൾ സജ്ജമാക്കിയിട്ടുണ്ട്. രാജാജി ആശുപത്രിയിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും മുഖ്യമന്ത്രി നേരിട്ട് മോതിരം അണിയിക്കുകയും ചില കുട്ടികൾക്ക് അദ്ദേഹം തന്നെ പേരിടുകയും ചെയ്തു.
നേരത്തെ സെപ്റ്റംബർ 15-ന് നടത്താൻ നിശ്ചയിച്ചിരുന്ന പദ്ധതിയുടെ ഉദ്ഘാടനം, മുഖ്യമന്ത്രിയുടെ വിദേശയാത്രയെ തുടർന്നാണ് ഇന്നത്തേക്ക് മാറ്റിയത്. അതേസമയം, ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ചെങ്കൽപേട്ട്, തിരുപ്പൂർ എന്നീ ജില്ലകളിൽ നിലവിൽ ഈ പദ്ധതി നടപ്പിലാക്കില്ല.




+ There are no comments
Add yours