കെ.എസ്.ആർ.ടി.സി യാത്രക്കാർക്ക് കരുതലിന്റെ ‘പിങ്ക് സ്പർശം’; യാത്രാസൗകര്യങ്ങൾ വിരൽത്തുമ്പിലാക്കി കീർത്തനയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോം

Estimated read time 1 min read

തിരുവനന്തപുരം: മുൻപരിചയമില്ലാത്ത സ്ഥലങ്ങളിലേക്കും മറ്റുമുള്ള ബസ് യാത്രകളിൽ കെ.എസ്.ആർ.ടി.സി യാത്രക്കാർക്ക് നേരിടേണ്ടി വരുന്ന ആശങ്കകൾക്ക് ശാശ്വത പരിഹാരമായി പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം. തിരുവനന്തപുരം എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമൻസിലെ മൂന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിനിയായ കീർത്തന സാറ കിരൺ വികസിപ്പിച്ച ‘പിങ്ക് സ്പർശം’ എന്ന പ്ലാറ്റ്‌ഫോമാണ് യാത്രക്കാർക്ക് യാത്രാവേളകളിൽ സുരക്ഷിതത്വവും സൗകര്യവുമൊരുക്കുന്നത്.

യാത്രക്കാരുടെ സുരക്ഷയും സൗകര്യവും മുൻനിർത്തി രൂപകൽപ്പന ചെയ്തിട്ടുള്ള പ്ലാറ്റ്‌ഫോമിൽ പ്രധാനമായും നാല് ഫീച്ചറുകളാണുള്ളത്:

  • സേഫ്റ്റി ഗ്രൂപ്പ്: യാത്രയ്ക്കിടെ എന്തെങ്കിലും അസൗകര്യങ്ങളോ പ്രശ്നങ്ങളോ നേരിട്ടാൽ ബസിലെ മറ്റ് യാത്രക്കാരെയും കണ്ടക്ടറെയും ഉൾപ്പെടുത്തി താൽക്കാലികമായി ഒരു ഗ്രൂപ്പ് രൂപീകരിക്കാം. അടിയന്തര സാഹചര്യങ്ങളിൽ പരസ്പരം സഹായം അഭ്യർത്ഥിക്കാൻ ഇത് സഹായിക്കും. യാത്ര അവസാനിക്കുമ്പോൾ, പരമാവധി രണ്ട് മണിക്കൂറിനുള്ളിൽ ഈ ഗ്രൂപ്പ് സ്വമേധയാ ഇല്ലാതാകും.
  • ഡെസ്റ്റിനേഷൻ അലേർട്ട്: സ്റ്റോപ്പ് അറിയാതെ പോകുന്ന ആശങ്ക ഒഴിവാക്കാൻ, ലക്ഷ്യസ്ഥാനം എത്തുന്നതിന് 500 മീറ്റർ മുൻപ് ജി.പി.എസ് സഹായത്തോടെ യാത്രക്കാർക്ക് അറിയിപ്പ് നൽകുന്ന സംവിധാനം.
  • ബസിലെ തിരക്ക് അറിയാം: യാത്ര പുറപ്പെടുന്നതിന് മുൻപ് തന്നെ ബസിലെ തിരക്കിന്റെ തോതും സീറ്റുകളുടെ ലഭ്യതയും മനസിലാക്കാൻ സഹായിക്കുന്നു.
  • ലോസ്റ്റ് ആൻഡ് ഫൗണ്ട്: ബസിൽ സാധനങ്ങൾ നഷ്ടപ്പെട്ടാൽ അക്കാര്യം മറ്റ് യാത്രക്കാരെ അലേർട്ടിലൂടെ അറിയിക്കാനും നഷ്ടപ്പെട്ടവ കണ്ടെത്താനും സഹായിക്കുന്ന സംവിധാനം. വ്യക്തികളുടെ സ്വകാര്യതയ്ക്ക് ഭംഗം വരാത്ത രീതിയിലാകും ഇതിന്റെ പ്രവർത്തനം.

വനിതകൾക്ക് യാത്രകളിൽ കൂട്ട് എന്ന ആശയത്തിൽ നിന്നാണ് പദ്ധതിക്ക് ‘പിങ്ക് സ്പർശം’ എന്ന പേര് നൽകിയത്. ആദ്യഘട്ടത്തിൽ കെ.എസ്.ആർ.ടി.സിയുടെ പ്രിയദർശിനി ബസുകളിൽ മാത്രം നടപ്പാക്കാൻ ലക്ഷ്യമിട്ടിരുന്ന ഈ സംവിധാനം, എല്ലാ കെ.എസ്.ആർ.ടി.സി ബസുകളിലേക്കും വ്യാപിപ്പിക്കാവുന്ന തരത്തിലാണ് പ്രോട്ടോടൈപ്പ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. കെ.എസ്.ആർ.ടി.സിയുടെ ‘ചലോ’ ആപ്പുമായി ഈ ഫീച്ചറുകൾ സംയോജിപ്പിക്കുന്നതിനായി പ്രോട്ടോടൈപ്പ് കെ.എസ്.ആർ.ടി.സിയുടെ ഐ.ടി വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.

പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിൽ കണ്ട് കാര്യങ്ങൾ വിശദീകരിച്ചതായി കീർത്തന പറഞ്ഞു. ഫീച്ചറുകളെക്കുറിച്ച് ചോദിച്ചറിഞ്ഞ മുഖ്യമന്ത്രി, തന്റെ ഒ.എസ്.ഡി ഉമേഷ് ഐ.എ.എസിനെ വിളിച്ച് പദ്ധതിയെക്കുറിച്ച് വിശദീകരിക്കുകയും കെ.എസ്.ആർ.ടി.സി എം.ഡിയുമായി സംസാരിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തു. തുടർന്നും ഇത്തരം ആശയങ്ങളുമായി വരണമെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ വലിയ പ്രചോദനമായെന്നും കീർത്തന പറഞ്ഞു. ഇതിന് പുറമെ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ഫോണിലൂടെ വിളിച്ച് തനിക്ക് അഭിനന്ദനങ്ങൾ അറിയിച്ചതായും കീർത്തന വ്യക്തമാക്കി.

+ There are no comments

Add yours