പഞ്ചാബ്: ലവ്‌ലി പ്രൊഫഷണൽ സർവകലാശാലയിലുണ്ടായ വിദ്യാർത്ഥി സംഘർഷത്തിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിച്ച് പൊലീസ്. സംഭവത്തിന് പിന്നിൽ ആസൂത്രിതമായ നീക്കങ്ങൾ നടന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. സർവകലാശാലയ്ക്കുള്ളിൽ ലൈംഗികാതിക്രമം നടന്നെന്ന ആരോപണത്തെത്തുടർന്ന് വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധമാണ് വലിയ സംഘർഷത്തിലേക്ക് കലാശിച്ചത്. ഇന്നലെ രാത്രിയിലും ക്യാമ്പസിന് പുറത്ത് വൻ തോതിൽ സംഘർഷമുണ്ടായതായി റിപ്പോർട്ടുകളുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ പഞ്ചാബ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ അഞ്ചുപേരിൽ നിന്ന് ആയുധങ്ങളും വാക്കിടോക്കി സെറ്റുകളും പിടിച്ചെടുത്തതോടെയാണ് ഗൂഢാലോചനയെന്ന സംശയം ബലപ്പെട്ടത്. സർവകലാശാലയ്ക്കുള്ളിൽ ബലാത്സംഗം നടന്നെന്ന ആരോപണം അന്വേഷിക്കാൻ പഞ്ചാബ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. എന്നാൽ, അതിക്രമത്തിന് ഇരയായ വിദ്യാർത്ഥിനിയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ഡി.ജി.പി ഗൗരവ് യാദവിന് നിർദ്ദേശം നൽകി.
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സർവകലാശാലയിലെ ക്ലാസുകൾ പത്ത് ദിവസത്തേക്ക് നിർത്തിവെക്കുകയും പരീക്ഷകൾ മാറ്റിവെക്കുകയും ചെയ്തു. അതിനിടെ, ക്യാമ്പസിലുള്ള മലയാളി വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ എം.പിമാരായ കെ.സി. വേണുഗോപാലും എ.എ. റഹീമും ഇടപെട്ടു. സംഘർഷം കൈകാര്യം ചെയ്യുന്നതിൽ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആരോപിച്ചു.




+ There are no comments
Add yours