തിരുവനന്തപുരം: വിവാദമായ നിയമസഭാ കയ്യാങ്കളി കേസിൽ നവംബർ മൂന്നിന് തിരുവനന്തപുരം സി.ജെ.എം കോടതിയിൽ വിചാരണ ആരംഭിക്കും. സംഭവത്തിന് ഏഴ് വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിചാരണ നടപടികൾ തുടങ്ങുന്നത്. സി.പി.ഐ.എം നേതാക്കളായ വി. ശിവൻകുട്ടി, ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, കെ. അജിത്, സി.കെ. സദാശിവൻ, കെ. കുഞ്ഞുമുഹമ്മദ് എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്.
2015 മാർച്ച് 13-നായിരുന്നു കേസിനാസ്പദമായ സംഭവം. ബാർ കോഴ അഴിമതിയിൽ അന്നത്തെ ധനമന്ത്രിയായിരുന്ന കെ.എം. മാണിക്ക് പങ്കുണ്ടെന്ന് ആരോപിച്ച് അദ്ദേഹം ബജറ്റ് അവതരിപ്പിക്കുന്നത് പ്രതിപക്ഷം തടസ്സപ്പെടുത്തുകയായിരുന്നു. സഭയുടെ നടുത്തളത്തിലിറങ്ങി എൽ.ഡി.എഫ് നേതാക്കൾ നടത്തിയ പ്രതിഷേധം വലിയ സംഘർഷത്തിലാണ് കലാശിച്ചത്.
ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെ പ്രതിപക്ഷ നേതാക്കൾ സ്പീക്കറുടെ ഡയസിൽ കയറി കസേര മറിച്ചിടുകയും ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തിരുന്നു. നിയമസഭയിലുണ്ടായ ഈ നാശനഷ്ടങ്ങൾ ചൂണ്ടിക്കാട്ടി നിയമസഭാ സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികൾക്കെതിരെ പൊലീസ് പൊതുമുതൽ നശീകരണത്തിന് കേസെടുത്തത്.




+ There are no comments
Add yours