തിരുവനന്തപുരം: മിൽമയ്ക്കെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് ചെയർമാൻ കെ.എസ്. മണി. വയനാട്ടിൽ ആരംഭിക്കാനിരിക്കുന്ന സ്വകാര്യ ഡയറി പ്രൊജക്റ്റിന് വേണ്ടിയാണ് മലബാർ മിൽമ യൂണിയനെ പിരിച്ചുവിട്ടത്. എന്നാൽ രാഷ്ട്രീയ താത്പര്യങ്ങൾ കാരണമാണ് എറണാകുളം യൂണിയനെ പിരിച്ചുവിടാത്തതെന്നും അദ്ദേഹം ആരോപിച്ചു. മിൽമയുടെ ഭാഗത്തുനിന്ന് യാതൊരുവിധ വീഴ്ചയോ ക്രമക്കേടുകളോ ഉണ്ടായിട്ടില്ലെന്നും, അങ്ങനെയുണ്ടെങ്കിൽ ആരോപണങ്ങളിൽ ക്രൈംബ്രാഞ്ചോ വിജിലൻസോ അന്വേഷണം നടത്തട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത് തികച്ചും അപക്വമായ പ്രതികരണമാണ്. ഒളിഞ്ഞും തെളിഞ്ഞും മിൽമയെ നശിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. തനിക്ക് ഇനി എത്രകാലം ചെയർമാൻ സ്ഥാനത്ത് തുടരാൻ കഴിയുമെന്ന് അറിയില്ല. തൻ്റെ സഹോദര യൂണിയനെ പിരിച്ചുവിടണമെന്ന് താൻ ഒരിക്കലും പറയില്ലെന്നും, ഭരണസമിതികളെ പിരിച്ചുവിടുന്നത് നിയമാനുസൃതമായിട്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ക്ഷീരവികസന വകുപ്പ് ഡയറക്ടർക്ക് കത്ത് നൽകിയിട്ടുണ്ടെന്നും, നാളെ പൊതുയോഗം ചേരുമെന്നും മിൽമ ചെയർമാൻ കൂട്ടിച്ചേർത്തു.




+ There are no comments
Add yours