കൊച്ചി: നടി അൻസിബ ഹസന്റെ പരാതിയിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ലക്ഷ്മിപ്രിയ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന് നോട്ടീസ് അയച്ചു. ഹർജി പരിഗണിക്കവെ കോടതി രൂക്ഷമായ പരാമർശങ്ങൾ നടത്തി. പാവപ്പെട്ട നിരവധി ആളുകളുടെ കേസുകൾ കെട്ടിക്കിടക്കുമ്പോൾ ഇവരുടെ പ്രശ്നങ്ങൾ തീർക്കാൻ മാത്രമേ കോടതിക്ക് സമയമുള്ളൂ എന്നും, ‘അമ്മ’ സംഘടനയ്ക്ക് വേണ്ടി മാത്രം ഒരു പ്രത്യേക കോടതി വേണ്ടിവരുമല്ലോ എന്നുമാണ് ഹൈക്കോടതി വാക്കാൽ ചോദിച്ചത്.
അതേസമയം, അൻസിബയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ലക്ഷ്മിപ്രിയക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള ബി.എൻ.എസ് (BNS) 74-ാം വകുപ്പ് ചുമത്തിയിട്ടുണ്ടെന്ന് പാലാരിവട്ടം പൊലീസ് വിശദീകരിച്ചു. എഫ്.ഐ.ആറിൽ ഈ വകുപ്പ് രേഖപ്പെടുത്താതിരുന്നത് ടൈപ്പിങ് പിഴവാണെന്നാണ് പൊലീസിന്റെ വാദം. ലക്ഷ്മിപ്രിയക്കെതിരെ പ്രസ്തുത വകുപ്പ് ചുമത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി അൻസിബ വീണ്ടും കോടതിയെ സമീപിക്കാനിരിക്കെയാണ് പൊലീസിന്റെ ഈ വിശദീകരണം പുറത്തുവന്നത്.
സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അധിക്ഷേപിച്ചുവെന്ന അൻസിബയുടെ പരാതിയിൽ കോടതി നിർദ്ദേശപ്രകാരമാണ് പൊലീസ് ലക്ഷ്മിപ്രിയക്കെതിരെ കേസെടുത്തത്. എന്നാൽ, എഫ്.ഐ.ആറിൽ മാനനഷ്ടവുമായി ബന്ധപ്പെട്ട വകുപ്പുകൾ മാത്രം ചേർത്തത് വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെ പാലാരിവട്ടം എസ്.എച്ച്.ഒ-ക്കെതിരെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകാനും, കേസിന്റെ അന്വേഷണ ചുമതല മറ്റൊരു എസ്.എച്ച്.ഒ-യ്ക്ക് കൈമാറാൻ ആവശ്യപ്പെടാനും അൻസിബ തീരുമാനിച്ചിരുന്നു.




+ There are no comments
Add yours