തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ സുരക്ഷ വർദ്ധിപ്പിക്കാൻ നിർദ്ദേശം നൽകി ഇന്റലിജൻസ് എഡിജിപി ഉത്തരവിറക്കി. പൊതുപരിപാടികളിലും യാത്രകളിലും മതിയായ പൊലീസ് വിന്യാസം ഉറപ്പാക്കാനാണ് നിർദ്ദേശം. മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ള ജനക്കൂട്ടം മുഖ്യമന്ത്രിയെ സ്പർശിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനാണിത്.
പൊതുപരിപാടികൾക്ക് എത്തുമ്പോൾ അനിയന്ത്രിതമായ ജനക്കൂട്ടം മുഖ്യമന്ത്രിയുടെ അടുത്തേക്ക് വരികയും ശരീരത്തിൽ സ്പർശിക്കുന്ന വിധം പെരുമാറുകയും ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനത്ത് ഏറ്റവും ഉയർന്ന സുരക്ഷാ കാറ്റഗറിയിലുള്ള മുഖ്യമന്ത്രിക്ക് ഇത്തരം സാഹചര്യങ്ങൾ നേരിടേണ്ടി വരുന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയ്ക്ക് കാരണമാകുമെന്നും വിലയിരുത്തലുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ, മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിലും യാത്രാവേളകളിലും കർശന സുരക്ഷ ഒരുക്കേണ്ടത് അനിവാര്യമാണ്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനായി യൂണിഫോമിലുള്ള പൊലീസുകാർക്ക് പുറമെ മഫ്തിയിലും ഉദ്യോഗസ്ഥരെ വിന്യസിച്ച് പൂർണ്ണ സുരക്ഷ ഉറപ്പാക്കണം. ഇക്കാര്യത്തിൽ ജില്ലാ പൊലീസ് മേധാവിമാർ പ്രത്യേക ശ്രദ്ധ നൽകണമെന്നും കൃത്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും എഡിജിപിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.




+ There are no comments
Add yours