മധുര: തമിഴ്‌നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുട്ടികൾക്ക് ഒരു ഗ്രാം സ്വർണമോതിരവും ബേബി കിറ്റും നൽകുന്ന ‘തായ്മാമൻ തങ്കമോതിരം’ പദ്ധതിക്ക് ഇന്ന് തുടക്കമാകും. സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ ഇത് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മധുര രാജാജി സർക്കാർ ആശുപത്രിയിൽ ഉദ്ഘാടനം ചെയ്യും. 2026 ജൂൺ 22 മുതൽ ജനിച്ച കുട്ടികൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.
നേരത്തെ സെപ്റ്റംബർ 15-ന് ഉദ്ഘാടനം ചെയ്യാനിരുന്ന പദ്ധതി, മുഖ്യമന്ത്രിയുടെ വിദേശയാത്രയെ തുടർന്നാണ് ഇന്നത്തേക്ക് മാറ്റിയത്. പ്രതിവർഷം 755.83 കോടി രൂപയാണ് പദ്ധതി നടത്തിപ്പിനായി സർക്കാർ വകയിരുത്തിയിട്ടുള്ളത്. വിതരണം ചെയ്യുന്ന സ്വർണ്ണത്തിന്റെ ഗുണനിലവാരത്തിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും, 916 ഹോൾമാർക്ക് സ്വർണ്ണമാകും നൽകുകയെന്നും ആരോഗ്യമന്ത്രി കെ.ജി. അരുൺരാജ് മുൻപ് വ്യക്തമാക്കിയിരുന്നു.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ ചെങ്കൽപേട്ട്, തിരുപ്പൂർ എന്നീ ജില്ലകളിൽ നിലവിൽ പദ്ധതി നടപ്പിലാക്കില്ല. ഉദ്ഘാടനച്ചടങ്ങിന് ശേഷം മധുരയിലെ നവീകരിച്ച ഗാന്ധി മ്യൂസിയം മുഖ്യമന്ത്രി ജനങ്ങൾക്കായി തുറന്നുകൊടുക്കും. തുടർന്ന് മധുര മീനാക്ഷി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാകും സി. ജോസഫ് വിജയ് മടങ്ങുക.




+ There are no comments
Add yours