ചട്ടപ്രകാരം യോഗ്യതയില്ല; സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടാൻ ഒരുങ്ങി സർക്കാർ

Estimated read time 0 min read

തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടാൻ സർക്കാർ ഒരുങ്ങുന്നു. ബോർഡിലെ നിലവിലെ അംഗങ്ങളിൽ പലർക്കും ചട്ടപ്രകാരം യോഗ്യതയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതുസംബന്ധിച്ച വിജ്ഞാപനം സർക്കാർ ഉടൻ പുറത്തിറക്കിയേക്കും. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ രണ്ട് അമുസ്‌ലിം അംഗങ്ങളെ പിന്നീട് നിയമിക്കാനാണ് സർക്കാരിന്റെ തീരുമാനം.

കഴിഞ്ഞ മാർച്ചിലായിരുന്നു കെ.എസ്. ഹംസയെ വഖഫ് ബോർഡ് ചെയർമാനായി നിയമിച്ചത്. അഞ്ച് വർഷമാണ് ബോർഡിന്റെ ഔദ്യോഗിക കാലാവധി. എന്നാൽ, കാലാവധി പൂർത്തിയാകാൻ നാലര വർഷം ബാക്കിനിൽക്കെയാണ് ബോർഡ് പിരിച്ചുവിടാനുള്ള സർക്കാരിന്റെ നീക്കം. ബോർഡിന്റെ പുനഃസംഘടന ആവശ്യമാണെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. നേരത്തെ പുനഃസംഘടനയ്ക്ക് മുൻപ് നിയമപ്രകാരമുള്ള പ്രാതിനിധ്യ നിർണയം പൂർത്തിയായിരുന്നില്ല. ഇത് പൂർത്തിയാക്കിയ ശേഷം ബോർഡ് പുനഃസംഘടിപ്പിക്കാമെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിട്ടുള്ളത്.

വഖഫ് നിയമഭേദഗതി പ്രകാരം ബോർഡിൽ ആകെ 11 അംഗങ്ങളാണ് വേണ്ടത്. ഇതിൽ രണ്ട് അമുസ്‌ലിം അംഗങ്ങൾ നിർബന്ധമാണ്. എന്നാൽ, കഴിഞ്ഞ ഫെബ്രുവരി നാലിന് ഒൻപത് അംഗങ്ങളെ മാത്രം ഉൾപ്പെടുത്തിയാണ് എൽ.ഡി.എഫ് സർക്കാർ ബോർഡ് രൂപീകരിച്ചത്. നിലവിലെ ബോർഡിൽ മുതവല്ലി, മതപണ്ഡിതൻ തുടങ്ങിയ വിഭാഗങ്ങളിലെ അംഗങ്ങളെ സർക്കാർ നേരിട്ട് നാമനിർദേശം ചെയ്തതാണ്.

+ There are no comments

Add yours