തിരുവനന്തപുരം: ശബരിമല മണ്ഡലകാല കച്ചവടവുമായി ബന്ധപ്പെട്ട ഇ-ടെൻഡർ അട്ടിമറിച്ചതാണെന്ന് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. ലേലത്തിൽ ഉദ്യോഗസ്ഥർ കരാറുകാരെ വഴിവിട്ട് സഹായിച്ചുവെന്നാണ് വിജിലൻസ് വ്യക്തമാക്കുന്നത്. 110 കടകളുടെ ലേല വിവരങ്ങൾ ചോർന്നതിനെ തുടർന്ന് ടെൻഡർ നടപടികൾ നേരത്തെ നിർത്തിവെച്ചിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ ഉദ്യോഗസ്ഥരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തും. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് തീരുമാനം. വിവരങ്ങൾ ചോർന്നതിനെക്കുറിച്ച് ദേവസ്വം വിജിലൻസ് ആൻഡ് ചീഫ് സെക്യൂരിറ്റി ഓഫീസറുടെ അന്വേഷണം നിലവിൽ പുരോഗമിക്കുകയാണ്.
സെപ്റ്റംബർ 29-ന് നടത്താനിരുന്ന ഇ-ലേലമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് കഴിഞ്ഞ ദിവസം റദ്ദാക്കിയത്. ടെൻഡർ നടപടികൾ പുരോഗമിക്കുന്നതിനിടെ ഓരോ കടയിലേക്കും അപേക്ഷ നൽകിയവരുടെ പേരുവിവരങ്ങൾ പുറത്താവുകയായിരുന്നു. രേഖകളുടെ രഹസ്യ സ്വഭാവം നഷ്ടപ്പെട്ടതിനാൽ ഇനി ലേലം നടത്തുന്നത് ഫലപ്രദമാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി റദ്ദാക്കിയത്. നിലവിൽ റദ്ദാക്കിയ 110 കടകൾക്കായി ഈ ആഴ്ച തന്നെ റീ ടെൻഡർ നടത്താനാണ് തീരുമാനം.




+ There are no comments
Add yours