സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ്; യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ജനവിധി ഉറ്റുനോക്കി രാഷ്ട്രീയ കേരളം

Estimated read time 0 min read

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നു. രാവിലെ ഏഴുമണി മുതൽ വൈകിട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്. നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ജനപ്രതിനിധികൾ രാജിവെച്ചതിനാലാണ് ഇതിൽ എട്ടിടങ്ങളിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം നടക്കുന്ന ആദ്യ ഉപതിരഞ്ഞെടുപ്പ് ഫലത്തെ ഉറ്റുനോക്കുകയാണ് സംസ്ഥാന രാഷ്ട്രീയം.

കൊല്ലം, ആലപ്പുഴ എന്നിവയൊഴികെ 12 ജില്ലകളിലായി 126 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. രണ്ട് കോർപ്പറേഷൻ വാർഡുകൾ, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ, മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ, ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരിക്കുന്നത് പാലക്കാട് ജില്ലയിലാണ്. കണ്ണൂർ, പാലക്കാട് ജില്ലകളിലെ 15 പ്രശ്നബാധിത ബൂത്തുകൾ ഉൾപ്പെടെ ആകെ 385 പോളിങ് സ്റ്റേഷനുകളാണ് തിരഞ്ഞെടുപ്പിനായി സജ്ജമാക്കിയിട്ടുള്ളത്.

എറണാകുളം ജില്ലയിൽ നാല് വാർഡുകളിലാണ് തിരഞ്ഞെടുപ്പ്. കൊച്ചി കോർപ്പറേഷനിലെ അയ്യപ്പൻകാവ് ഡിവിഷൻ, പുതൃക്ക പഞ്ചായത്തിലെ കോലഞ്ചേരി ഈസ്റ്റ്, വടക്കേക്കര പഞ്ചായത്തിലെ മടപ്ലാതുരുത്ത് ഈസ്റ്റ്, പാറക്കടവ് പഞ്ചായത്തിലെ പുളിയനം സൗത്ത് എന്നിവയാണവ. യു.ഡി.എഫിന് സ്വാധീനമുള്ള അയ്യപ്പൻകാവ് ഡിവിഷനിൽ കൗൺസിലറായിരുന്ന ദീപക് ജോയ് എം.എൽ.എ ആയതോടെയാണ് ഇവിടെ തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ട്വന്റി ട്വന്റി പ്രതിനിധിയായിരുന്ന പൂജ ജോമോൻ പാർട്ടി വിട്ട് യു.ഡി.എഫിൽ ചേർന്നതിനെ തുടർന്നാണ് പുതൃക്ക പഞ്ചായത്തിലെ കോലഞ്ചേരി ഈസ്റ്റിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

കോഴിക്കോട് ജില്ലയിൽ കോർപ്പറേഷനിലെ കുറ്റിച്ചിറ ഡിവിഷനിൽ മാത്രമാണ് ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. യു.ഡി.എഫ് തങ്ങളുടെ കുത്തക നിലനിർത്താൻ ശ്രമിക്കുമ്പോൾ, വാർഡ് പിടിച്ചെടുക്കാൻ എൽ.ഡി.എഫും വോട്ട് വിഹിതം വർദ്ധിപ്പിക്കാൻ എൻ.ഡി.എയും സജീവമായി രംഗത്തുണ്ട്. മുസ്ലിം ലീഗിലെ ഫർസീന അറക്കൽ, ഐ.എൻ.എല്ലിലെ ടി.ടി. ജംഷീന, ബി.ജെ.പിയിലെ കെ. ജീജ എന്നിവരാണ് പ്രധാന സ്ഥാനാർത്ഥികൾ. കൗൺസിലറായിരുന്ന ഫാത്തിമ തഹ്ലിയ പേരാമ്പ്ര എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടതിനാലാണ് കുറ്റിച്ചിറയിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. എട്ട് ബൂത്തുകളിലായി 9712 വോട്ടർമാരാണ് ഈ വാർഡിലുള്ളത്.

+ There are no comments

Add yours