സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് അയവ്; തുടർച്ചയായ മൂന്നാം ദിവസവും നിയന്ത്രണം ഏർപ്പെടുത്തിയില്ല

Estimated read time 0 min read

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന വൈദ്യുതി പ്രതിസന്ധിക്ക് നേരിയ ആശ്വാസം. തുടർച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് എവിടെയും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയില്ല. മധ്യപ്രദേശിൽ നിന്നും ലഭിച്ച 200 മെഗാവാട്ടിന് പുറമെ അധികമായി 300 മെഗാവാട്ട് വൈദ്യുതി കൂടി ലഭ്യമായതും, തൽസമയ വിപണിയിൽ നിന്ന് ആവശ്യാനുസരണം വൈദ്യുതി വാങ്ങാൻ സാധിച്ചതുമാണ് നിയന്ത്രണം ഒഴിവാക്കാൻ സഹായിച്ചത്. ഒക്ടോബർ മാസത്തോടെ വൈദ്യുതി ക്ഷാമം പൂർണ്ണമായി പരിഹരിക്കപ്പെടുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ഇതിനായി പുതിയ കരാറുകളിലേർപ്പെടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കി.

ഉഭയകക്ഷി കരാറുകളുടെ അഭാവവും ഉയർന്ന വൈദ്യുതി ഉപഭോഗവും കാരണം സെപ്റ്റംബർ മാസത്തിൽ പീക്ക് സമയങ്ങളിൽ 800 മുതൽ 900 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവാണ് സംസ്ഥാനത്ത് അനുഭവപ്പെട്ടത്. മഴ കുറഞ്ഞതിനാൽ ജലവൈദ്യുത പദ്ധതികളിലെ ഉൽപ്പാദനം തടസ്സപ്പെട്ടതും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിലുണ്ടായ ഇടിവും, ഉയർന്ന വിലയ്ക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിലെ സാങ്കേതിക തടസ്സങ്ങളുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.

അതേസമയം, പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വൈകിട്ട് 7 മണി മുതൽ രാത്രി 12 മണി വരെയുള്ള സമയങ്ങളിൽ വൈദ്യുതി ഉപയോഗത്തിൽ ഉപഭോക്താക്കളും വ്യവസായ സ്ഥാപനങ്ങളും നിയന്ത്രണം പാലിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നേരത്തെ സർക്കുലർ പുറത്തിറക്കിയിരുന്നു. വാട്ടർ അതോറിറ്റിയുടെ പമ്പിങ്, കൂടുതൽ വൈദ്യുതി ആവശ്യമുള്ള മറ്റ് ഗാർഹിക ഉപകരണങ്ങളുടെ ഉപയോഗം എന്നിവ പകൽ സമയത്തേക്ക് മാറ്റണമെന്നും ഇതിൽ നിർദ്ദേശിച്ചിരുന്നു. എ.സിയുടെ താപനില 25 ഡിഗ്രി സെൽഷ്യസിൽ നിലനിർത്തണമെന്നും അനാവശ്യ ദീപാലങ്കാരങ്ങൾ ഒഴിവാക്കണമെന്നും ഊർജ്ജ വകുപ്പ് സെക്രട്ടറി എം.ജി. രാജമാണിക്യം പുറത്തിറക്കിയ സർക്കുലറിൽ ആവശ്യപ്പെട്ടിരുന്നു.

+ There are no comments

Add yours