കൊച്ചി: പ്രിയദർശിനി ബസിൽ യാത്ര ചെയ്യുകയായിരുന്ന പ്ലസ് ടു വിദ്യാർഥിനിയെ അപമാനിച്ച സംഭവത്തിൽ കെ.എസ്.ആർ.ടി.സി കണ്ടക്ടർക്കെതിരെ കർശന നടപടി. എറണാകുളം ഡിപ്പോയിലെ കണ്ടക്ടറെയാണ് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്. വിദ്യാർഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ ഉദ്യോഗസ്ഥന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
ശനിയാഴ്ച ഗുരുവായൂർ – എറണാകുളം റൂട്ടിലോടുന്ന എറണാകുളം ഡിപ്പോയുടെ ആർ.എസ്.എ 173 എന്ന പ്രിയദർശിനി ബസിലായിരുന്നു സംഭവം. സീറോ ടിക്കറ്റ് ചോദിച്ചതിന് കണ്ടക്ടർ അധിക്ഷേപിച്ചതിനെ തുടർന്ന് പെൺകുട്ടി പറവൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. വിഷയത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെടുകയും നടപടിക്ക് നിർദ്ദേശം നൽകുകയും ചെയ്തതിന് പിന്നാലെയാണ് സസ്പെൻഷൻ.
യാത്രക്കാരുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്ന കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് കെ.എസ്.ആർ.ടി.സി സി.എം.ഡി ഡോ. പി.എസ്. പ്രമോജ് ശങ്കർ വ്യക്തമാക്കി. ബസ് യാത്രക്കാരോട് മാന്യവും സൗഹാർദപരവുമായ സമീപനം സ്വീകരിക്കേണ്ടത് ഓരോ ജീവനക്കാരന്റെയും കടമയാണ്. യാത്രക്കാരിൽ നിന്നും ലഭിക്കുന്ന ഇത്തരം പരാതികൾ അതീവ ഗൗരവത്തോടെ പരിശോധിച്ച് കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




+ There are no comments
Add yours