ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി കോൺഗ്രസ് ഇന്ന് രാജ്യത്തെ എല്ലാ കളക്ടറേറ്റുകളിലേക്കും മാർച്ച് സംഘടിപ്പിക്കും. തുടർസമര പരിപാടികൾ പ്രഖ്യാപിക്കുന്നതിനായി നാളെ കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേരും. ഭഗത്‌സിംഗ് ദിനമായ ഇന്ന് ഇടതുപക്ഷ പാർട്ടികൾ ജനാധിപത്യ സംരക്ഷണ ദിനമായാണ് ആചരിക്കുന്നത്. ഡൽഹിയിലെ ഭഗത്‌സിംഗ് പ്രതിമയിലേക്ക് നടത്തുന്ന പ്രതിഷേധ മാർച്ചിന് സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി നേതൃത്വം നൽകും.
അതേസമയം, മുംബൈയിൽ നടക്കാനിരുന്ന പ്രതിഷേധത്തിന് പൊലീസ് അനുമതി നിഷേധിച്ചത് സർക്കാരിന്റെ ഭയം കൊണ്ടാണെന്ന് സി.ജെ.പി കുറ്റപ്പെടുത്തി. പ്രതിഷേധത്തിന് അനുമതി നൽകിയില്ലെങ്കിൽ ജയിൽ നിറയ്ക്കൽ സമരം സംഘടിപ്പിക്കുമെന്നും സി.ജെ.പി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധ പരിപാടികൾ ചർച്ച ചെയ്യാൻ ബുധനാഴ്ച ‘ഇന്ത്യ’ സഖ്യം യോഗം ചേരും. ഇതിന് മുന്നോടിയായി സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി, ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള സംയുക്ത പ്രക്ഷോഭങ്ങൾക്ക് കെജ്‌രിവാളിന്റെ പിന്തുണ അദ്ദേഹം തേടി.
കമ്മീഷൻ സമ്പൂർണ്ണ യോഗം ചേർന്ന് ചില തിരുത്തലുകൾ വരുത്തിയെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷനിലെ അസ്വസ്ഥതകൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. പശ്ചിമബംഗാളിൽ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട ലക്ഷക്കണക്കിന് ആളുകൾ നൽകിയ അപ്പീലുകളിന്മേലുള്ള നടപടി, ഫോം 6 ഓൺലൈൻ അപേക്ഷകളിൽ അധികമായി ഉൾപ്പെടുത്തിയ ചോദ്യങ്ങൾ ഒഴിവാക്കുമോ എന്ന കാര്യം, ആരോപണവിധേയരായ ഉദ്യോഗസ്ഥർ സ്ഥാനത്ത് തുടരുമോ എന്നീ വിഷയങ്ങളിലൊന്നും ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.




+ There are no comments
Add yours