ശബരിമല ഇ-ലേലം റദ്ദാക്കിയ നടപടി സ്വാഗതം ചെയ്ത് മന്ത്രി കെ. മുരളീധരൻ; വിവരങ്ങൾ ചോർന്നതിൽ വിജിലൻസ് അന്വേഷണം

Estimated read time 1 min read

തിരുവനന്തപുരം: ശബരിമല മണ്ഡലകാല കച്ചവടത്തിനായി കടകൾ അനുവദിക്കുന്നതിന് നിശ്ചയിച്ചിരുന്ന ഇ-ലേലം റദ്ദാക്കിയ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നടപടിയെ അനുകൂലിച്ച് ദേവസ്വം മന്ത്രി കെ. മുരളീധരൻ. ബോർഡിന്റെ തീരുമാനം നല്ല ഉദ്ദേശത്തോടെയാണെന്നും, ടെൻഡർ വിവരങ്ങളുടെ രഹസ്യ സ്വഭാവം നഷ്ടപ്പെട്ടതിനെക്കുറിച്ച് ദേവസ്വം വിജിലൻസ് ആൻഡ് ചീഫ് സെക്യൂരിറ്റി ഓഫീസർ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

സെപ്റ്റംബർ 29-നാണ് ശബരിമലയിലെ 110 കടകൾക്കായി ഇ-ലേലം നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ ടെൻഡർ നടപടികൾ പുരോഗമിക്കുന്നതിനിടെ, ഓരോ കടയിലേക്കും അപേക്ഷ നൽകിയ ആളുകളുടെ പേരുവിവരങ്ങൾ പുറത്താവുകയായിരുന്നു. രേഖകളുടെ രഹസ്യ സ്വഭാവം നഷ്ടപ്പെട്ടതിനാൽ ഇനി ലേലം നടത്തുന്നത് ഫലപ്രദമാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദേവസ്വം ബോർഡ് അധികൃതർ ഇ-ലേലവും ടെൻഡറും റദ്ദാക്കിയത്.

വിവരങ്ങൾ ചോർന്ന സംഭവത്തിൽ മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് ദേവസ്വം മന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്. ലേലം റദ്ദാക്കിയ 110 കടകൾക്കായി റീ ടെൻഡർ നടത്തും. ഇതുമായി ബന്ധപ്പെട്ട ആശങ്കകൾ ഒഴിവാക്കാൻ 15-ന് മുൻപായി തന്നെ ബാക്കി നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

+ There are no comments

Add yours