എൻ.എസ്.എസിനെ ദുഷ്ടന്റെയും ഭീരുവിന്റെയും കൈകളിൽ നിന്ന് രക്ഷിക്കണം; ജി. സുകുമാരൻ നായർക്കെതിരെ ആഞ്ഞടിച്ച് മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ

Estimated read time 1 min read

ഇടുക്കി: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ വീണ്ടും രൂക്ഷവിമർശനവുമായി മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ. ദുഷ്ടനായ ഒരു ഭീരുവിന്റെ കൈകളിൽ നിന്നും എൻ.എസ്.എസിനെ രക്ഷിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നായർ സർവീസ് സൊസൈറ്റിയെ ഭാവിയിൽ ‘മക്കൾ സർവീസ് സൊസൈറ്റി’ (എം.എസ്.എസ്) ആയി മാറ്റുമോ എന്നാണ് തന്റെ ഭയമെന്നും ഗണേഷ് കുമാർ പരിഹസിച്ചു.

2024-ൽ ജനറൽ സെക്രട്ടറി പുറത്തിറക്കിയ സർക്കുലറിൽ സ്ത്രീവിരുദ്ധവും വിവാദപരവുമായ പരാമർശങ്ങളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീകളെ മൂന്ന് വർഷത്തിൽ കൂടുതൽ ഒരു സ്ഥാനത്ത് ഇരുത്തരുതെന്നും, അവർ മോഷണം നടത്തുമെന്നുമാണ് സർക്കുലറിൽ പറഞ്ഞിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കൂടെ നിൽക്കുന്നവരുടെ കഴുത്തറുക്കുന്നവരാണ് ഇപ്പോൾ എൻ.എസ്.എസ് നേതൃത്വത്തിലുള്ളത്. പ്രൊഫസറാകാൻ യാതൊരു യോഗ്യതയുമില്ലാത്ത സുകുമാരൻ നായരുടെ മകളാണ് ഇന്ന് എൻ.എസ്.എസ് കോളേജുകളെല്ലാം ഭരിക്കുന്നതെന്നും ഗണേഷ് കുമാർ കുറ്റപ്പെടുത്തി.

ധനലക്ഷ്മി ബാങ്കിലെ നിക്ഷേപങ്ങൾ ഒറ്റദിവസം കൊണ്ട് പിൻവലിക്കാൻ കരയോഗങ്ങൾക്ക് സുകുമാരൻ നായർ നിർദ്ദേശം നൽകിയിരുന്നു. വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിന്റെ പേരിൽ ഒരു ബന്ധുവിനെ ബാങ്കിൽ നിന്ന് പിരിച്ചുവിട്ടതിലെ വിരോധമാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. മകളുടെ മകന് ജോലി ലഭിക്കുന്നതിനായി മുസ്ലിം ലീഗിന്റെ വിദ്യാഭ്യാസ മന്ത്രിയെ പൊന്നാടയണിയിച്ച് സ്വീകരിച്ച സുകുമാരൻ നായർ, രമേശ് ചെന്നിത്തലയ്ക്ക് പൊന്നാട നൽകിയില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.

നക്കാപ്പിച്ചയ്ക്ക് വേണ്ടി ജോലി വാങ്ങാൻ പോകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വന്തം ഭാര്യക്കും മക്കൾക്കും ജോലി നൽകി ആളുകളെ അടിമകളാക്കാനാണ് സുകുമാരൻ നായർ ശ്രമിക്കുന്നത്. അഭിഭാഷകർ മാത്രമേ ജനറൽ സെക്രട്ടറി ആകാവൂ എന്ന് പ്രചരിപ്പിച്ചിരുന്ന സ്ഥാനത്ത്, പത്താം ക്ലാസ് പോലും പാസാകാത്തവർക്കും ആ സ്ഥാനത്ത് ഇരിക്കാമെന്ന് അദ്ദേഹം തെളിയിച്ചെന്നും ഗണേഷ് കുമാർ പരിഹസിച്ചു.

+ There are no comments

Add yours