കണ്ണൂർ: ചൊക്ലിയിൽ നിന്ന് കാണാതായ പതിനേഴുകാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദ്ദേശം നൽകി. കേസിൽ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി പരാതി നൽകിയതിന് പിന്നാലെയാണ് നടപടി. ക്രൈംബ്രാഞ്ച് മേധാവിയെ ഫോണിൽ വിളിച്ചാണ് മന്ത്രി അന്വേഷണച്ചുമതല കൈമാറാൻ നിർദ്ദേശിച്ചത്. മൊബൈൽ ഫോൺ വാങ്ങിവെച്ചതിന്റെ പേരിൽ വീടുവിട്ടിറങ്ങിയ വിദ്യാർത്ഥിയെ കാണാതായിട്ട് ഇപ്പോൾ 49 ദിവസമായി.
കുട്ടിയെ ഒരു സിസിടിവി ദൃശ്യങ്ങളിലും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ആരെങ്കിലും കൂട്ടിക്കൊണ്ടു പോയതാകാമെന്ന് സംശയിക്കുന്നതായി ശിവസൂര്യയുടെ ബന്ധു ബബിജ പറഞ്ഞു. അതിനാൽ എല്ലാ സിസിടിവികളും വീണ്ടും പരിശോധിക്കണം. കാശിയിലേക്ക് പോകുന്നുവെന്ന് കുറിപ്പെഴുതിയതിന് പിന്നിൽ ആരുടെയെങ്കിലും പ്രേരണയുണ്ടാകാം. അവൻ അമ്പലങ്ങളിൽ പോകാറില്ലെന്നും വലിയ ഭക്തനല്ലെന്നും അവർ പറഞ്ഞു. എസ്.എസ്.എൽ.സിക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ ബുദ്ധിമാനായ കുട്ടിയാണ് ശിവസൂര്യ. അധികം ആരോടും സംസാരിക്കാത്ത പ്രകൃതക്കാരനായ അവന് സുഹൃത്തുക്കളും കുറവായിരുന്നു. മക്കളെ പഠിപ്പിച്ച് ഒരു നിലയിലെത്തിച്ച ശേഷം തനിക്ക് കാശിക്ക് പോകണമെന്ന് അച്ഛൻ വീട്ടിൽ സാധാരണയായി പറയാറുണ്ടായിരുന്ന കാര്യം കുട്ടി മനസിൽ വെച്ചതാകാമെന്നും ബന്ധു കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാസം എട്ടിനാണ് കാശിയിലേക്ക് പോകുന്നുവെന്ന് കുറിപ്പെഴുതി വച്ച ശേഷം ശിവസൂര്യ വീട് വിട്ടത്. കേരളത്തിൽ പലയിടത്തും തിരച്ചിൽ നടത്തിയെങ്കിലും യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. തലശ്ശേരി എ.എസ്.പി ഡോ. എം. നന്ദഗോപന്റെ മേൽനോട്ടത്തിൽ ചൊക്ലി എസ്.ഐ ആർ. രാഗേഷിന്റെ നേതൃത്വത്തിൽ എട്ടംഗ പ്രത്യേക അന്വേഷണ സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. കുട്ടിയെ തേടി വാരണാസിയിൽ എത്തിയ പൊലീസ് സംഘം മലയാളി അസോസിയേഷൻ പ്രവർത്തകരുടെയടക്കം സഹായത്തോടെ ഒരാഴ്ചയോളം തിരച്ചിൽ നടത്തിയെങ്കിലും വിവരമൊന്നും ലഭിക്കാതെ മടങ്ങിയിരുന്നു.




+ There are no comments
Add yours