തമിഴ്‌നാട്ടിൽ പൊലീസ് വകുപ്പിനെ വിവരാവകാശ പരിധിയിൽനിന്ന് ഒഴിവാക്കി സർക്കാർ വിജ്ഞാപനം

Estimated read time 1 min read

ചെന്നൈ: തമിഴ്‌നാട്ടിൽ പൊലീസ് വകുപ്പിനെ വിവരാവകാശ നിയമത്തിന്റെ (ആർ.ടി.ഐ) പരിധിയിൽനിന്ന് പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് സംസ്ഥാന സർക്കാർ വിജ്ഞാപനം പുറത്തിറക്കി. ഇതോടെ പൊലീസുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ഇനി മുതൽ വിവരാവകാശ രേഖയായി പൊതുജനങ്ങൾക്ക് ലഭ്യമാകില്ല. സെപ്റ്റംബർ 21-നാണ് വിവരാവകാശ നിയമത്തിലെ വകുപ്പ് 24 (4) പ്രകാരം സർക്കാർ ഈ വിജ്ഞാപനമിറക്കിയത്. നേരത്തെ ഇന്റലിജൻസ് ഉൾപ്പെടെയുള്ള ചില അതീവ സുരക്ഷാ വിഭാഗങ്ങളെ മാത്രമായിരുന്നു നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കിയിരുന്നത്. എന്നാൽ പുതിയ വിജ്ഞാപനത്തിലൂടെ വകുപ്പിനെ ഒന്നാകെ ഇതിൽ നിന്ന് മാറ്റിയിരിക്കുകയാണ്.

മത-ജാതി സംഘർഷങ്ങൾ, രാഷ്ട്രീയ പ്രക്ഷോഭങ്ങൾ, കോഫെപോസ (COFEPOSA), ദേശീയ സുരക്ഷാ നിയമം (NSA) എന്നിവ പ്രകാരമുള്ള കരുതൽ തടങ്കൽ കേസുകൾ തുടങ്ങി ക്രമസമാധാനവുമായി ബന്ധപ്പെട്ട അതീവ പ്രാധാന്യമുള്ള നിരവധി വിഷയങ്ങൾ വകുപ്പ് കൈകാര്യം ചെയ്യുന്നതിനാലാണ് ഈ നടപടിയെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.

പൊലീസ് വെടിവെപ്പ്, കസ്റ്റഡി മരണങ്ങൾ, പൊലീസ് മർദ്ദനം, റിമാൻഡ് തടവുകാരുടെ മരണം എന്നിവയെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ടുകൾ, ക്രമസമാധാന വിഷയങ്ങളിലെ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ (NHRC) പരാമർശങ്ങൾ, വർഗീയ സംഘർഷങ്ങളെക്കുറിച്ച് കേന്ദ്ര സർക്കാരിന് സമർപ്പിക്കുന്ന പ്രതിമാസ റിപ്പോർട്ടുകൾ എന്നിവയെല്ലാം ഇനി വിവരാവകാശ പരിധിക്ക് പുറത്താകും. ഇതിന് പുറമെ, ക്രമസമാധാന വിഷയങ്ങളിലെ പാർലമെന്റ് ചോദ്യങ്ങൾക്കുള്ള മറുപടികൾ, വിദ്യാർത്ഥികൾ, കർഷകർ, രാഷ്ട്രീയ പാർട്ടികൾ എന്നിവരുടെ പ്രക്ഷോഭങ്ങൾ കൈകാര്യം ചെയ്യുന്ന വിവരങ്ങൾ, രാഷ്ട്രീയ-വർഗീയ-ജാതി-വിദ്യാർത്ഥി സംഘർഷങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാനുള്ള അപേക്ഷകൾ, അപകീർത്തികരമായ വാർത്തകൾക്കും പ്രസംഗങ്ങൾക്കുമെതിരെ നിയമനടപടി സ്വീകരിക്കാൻ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ തുടങ്ങിയവയെല്ലാം ഈ വിഭാഗത്തിന്റെ പരിധിയിൽ വരുന്നതിനാൽ ഇവയൊന്നും ഇനി നിയമപ്രകാരം ലഭ്യമാകില്ല.

+ There are no comments

Add yours