കെ.എസ്.ആർ.ടി.സി ബസുകൾ വാങ്ങാൻ എം.എൽ.എ ഫണ്ട് ഉപയോഗിക്കാം; പ്രത്യേക ഉത്തരവിറക്കി സർക്കാർ

Estimated read time 1 min read

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് പുതിയ ബസുകൾ വാങ്ങുന്നതിനായി എം.എൽ.എമാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക അനുമതി നൽകി. പുതിയ ഉത്തരവ് പ്രകാരം ഒരു മണ്ഡലത്തിലേക്ക് പരമാവധി മൂന്ന് ബസുകൾ വരെ ഇത്തരത്തിൽ വാങ്ങാൻ സാധിക്കും.

വാങ്ങുന്ന ബസുകളുടെ ഇരിപ്പിട ശേഷി, ബോഡിയുടെ തരം, ഇന്ധനം തുടങ്ങിയ കാര്യങ്ങൾ കെ.എസ്.ആർ.ടി.സി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറുമായി (സി.എം.ഡി) കൂടിയാലോചിച്ചാകും തീരുമാനിക്കുക. എം.എൽ.എ ഫണ്ട് ഉപയോഗിച്ച് വാങ്ങുന്ന ബസുകൾ അതത് മണ്ഡലങ്ങളിലെ യാത്രാ ആവശ്യങ്ങൾക്കായിരിക്കും മുൻഗണന നൽകി ഉപയോഗിക്കുക.

ഫണ്ട് ലഭ്യമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി, നികുതിയും രജിസ്ട്രേഷൻ ചാർജുകളും ഉൾപ്പെടെ ബസുകളുടെ ആകെ ചെലവ് വ്യക്തമാക്കുന്ന പട്ടിക സെപ്റ്റംബർ 30-നകം കെ.എസ്.ആർ.ടി.സി സി.എം.ഡി എം.എൽ.എമാർക്ക് കൈമാറണം. തുടർന്ന്, ജനപ്രതിനിധികൾ തങ്ങളുടെ ഫണ്ട് വകയിരുത്തിക്കൊണ്ടുള്ള നിർദേശം ഒക്ടോബർ 15-നകം അതാത് ജില്ലാ കളക്ടർമാർക്ക് സമർപ്പിക്കണമെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

+ There are no comments

Add yours