ശബരിമലയിൽ വൻ തട്ടിപ്പ്: സ്ട്രോങ് റൂമിലെ സ്വർണക്കിരീടം കാണാതായി; പകരം വെച്ചത് മുക്കുപണ്ടം

Estimated read time 1 min read

തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവൻ സ്വർണക്കിരീടം കാണാതായി. തിരുവാഭരണങ്ങളുടെ കണക്കെടുപ്പിലാണ് കിരീടം നഷ്ടപ്പെട്ട വിവരവും പകരം മുക്കുപണ്ടം വെച്ചതായും കണ്ടെത്തിയത്. ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ജസ്റ്റിസ് കെ.ടി. ശങ്കരന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ഈ വൻ തട്ടിപ്പ് പുറത്തായത്.

2012-ൽ തമിഴ്നാട്ടിൽ നിന്നുള്ള ഭക്തർ വഴിപാടായി സമർപ്പിച്ചതാണ് ഈ കിരീടം. അന്ന് രസീത് നൽകി രജിസ്റ്ററിൽ രേഖപ്പെടുത്തിയ ശേഷം അയ്യപ്പവിഗ്രഹത്തിൽ ചാർത്തുകയും, പിന്നീട് സ്ട്രോങ് റൂമിലേക്ക് മാറ്റുകയുമായിരുന്നു. 445.78 ഗ്രാം തൂക്കമുണ്ടായിരുന്ന യഥാർത്ഥ കിരീടത്തിന് സമാനമായി നിർമ്മിച്ച വ്യാജ കിരീടമാണ് ഇപ്പോൾ സ്ട്രോങ് റൂമിലുള്ളത്. വജ്രത്തിന് സമാനമായ വെള്ളക്കല്ലുകൾ പതിപ്പിച്ച ഈ മുക്കുപണ്ടത്തിന് വെറും 240 ഗ്രാം മാത്രമാണ് ഭാരമുള്ളത്. കിരീടത്തിന്റെ ഭാരക്കുറവിൽ സംശയം തോന്നി നടത്തിയ വിശദമായ പരിശോധനയിലാണ് തട്ടിപ്പ് സ്ഥിരീകരിച്ചത്.

വിലപിടിപ്പുള്ള വസ്തുക്കൾ സന്നിധാനത്തെ സ്ട്രോങ് റൂമിൽ താത്കാലികമായി സൂക്ഷിച്ച ശേഷം ആറന്മുളയിലെ സ്ട്രോങ് റൂമിലേക്ക് മാറ്റുകയാണ് പതിവ്. സിസിടിവി നിരീക്ഷണമില്ലാത്ത സന്നിധാനത്തെ സ്ട്രോങ് റൂമിന്റെ താക്കോൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ പക്കലാണുണ്ടാവുക. പകൽ സമയങ്ങളിൽ മാത്രമേ ഇത് തുറക്കാൻ പാടുള്ളൂ എന്നാണ് നിയമം.

അതേസമയം, ആറന്മുളയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന നാല് പവന്റെ സ്വർണമാലയും കാണാതായതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. അമിക്കസ് ക്യൂറിയുടെ കണക്കെടുപ്പ് പൂർണ്ണമായും അവസാനിച്ച ശേഷം ആരുടെ ഭാഗത്താണ് വീഴ്ചയുണ്ടായതെന്ന് പരിശോധിച്ച് നടപടിയെടുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കി.

+ There are no comments

Add yours