ദീപാവലി ആഘോഷത്തില്‍ രാജ്യം.

Estimated read time 1 min read

ദീപാവലി ആഘോഷത്തില്‍ രാജ്യം.

തിന്മയ്ക്ക് മേല്‍ നന്മ നേടുന്ന വിജയത്തെ ആഘോഷമാക്കുന്ന ഉത്സവമായ ദീപാവലി രാജ്യമെങ്ങും ആഘോഷിക്കുന്നു

ദീപം തെളിയിച്ചും പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും കുട്ടികള്‍ തൊട്ട് മുതിർന്നവർ വരെ ദീപങ്ങള്‍ക്ക് നിറച്ചാർത്തൊരുക്കുന്ന ദിവസം. ദീപം കൊളുത്തി മധുരത്തിന് ഒപ്പം ആനന്ദം പങ്കിട്ടാണ് രാജ്യം മുഴുവൻ ദീപാവലി ആഘോഷിക്കുന്നത്. വടക്കേ ഇന്ത്യയില്‍ പുതുവസ്ത്രവും മെഹന്തിയും മധുരവും ദീപാവലിക്ക് പകിട്ടേകുന്നു.

ഹിന്ദു ചാന്ദ്ര കലണ്ടർ അനുസരിച്ച്‌ കാർത്തിക മാസത്തിലെ 15-ാം ദിവസമാണ് ദീപാവലി ആഘോഷിക്കുന്നത്.
ഇന്ത്യയിലെ ആളുകള്‍ ഏറ്റവും ആകാംഷയോടെയും പ്രതീഷയോടെയും കാത്തിരിക്കുന്ന ആഘോഷങ്ങളില്‍ ഒന്നാണ് ദീപാവലി.

ഭാരതത്തിലെ ഏറ്റവും വലിയ ഉത്സവമാണ് ദീപങ്ങളുടെ നിര എന്നറിയപ്പെടുന്ന ദീപാവലി. ‘തമസോ മാ ജ്യോതിർ ഗമയ’ (ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക്) എന്ന സന്ദേശമുയർത്തിപ്പിടിച്ച്‌, തിന്മയുടെ മേല്‍ നന്മ നേടിയ വിജയത്തെയും അജ്ഞതയുടെ മേല്‍ അറിവ് നേടിയ വിജയത്തെയുമാണ് ഈ ഉത്സവം ആഘോഷിക്കുന്നത്.

ദീപാവലിയുമായി ബന്ധപ്പെട്ട ഏറ്റവും പ്രചാരമുള്ള ഐതിഹ്യങ്ങളിലൊന്ന്, മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീരാമൻ പതിനാലു വർഷത്തെ വനവാസം പൂർത്തിയാക്കി, അസുര രാജാവായ രാവണനെ തോല്‍പ്പിച്ച്‌ തിരികെ തന്റെ രാജ്യമായ അയോദ്ധ്യയിലേക്ക് എത്തിയതുമായി ബന്ധപ്പെട്ടുള്ളതാണ്. രാമന്റെ ഈ വരവ് അയോദ്ധ്യയിലെ ജനങ്ങള്‍ ആഘോഷിച്ചത് നിറയെ ദീപങ്ങള്‍ തെളിയിച്ചുവച്ചായിരുന്നു. ഇതിന്റെ ഓർമയ്ക്കാണ് ദീപാവലി ആഘോഷിക്കുന്നത് എന്നൊരു ഐതീഹ്യമുണ്ട്.

മറ്റൊന്ന്, പാണ്ഡവരുമായി ബന്ധപ്പെട്ടുള്ളതാണ്. കൗരവരുമായി ചൂതാട്ടത്തില്‍ തോറ്റ് 12 വർഷം വനവാസം കഴിഞ്ഞ് തിരികെയെത്തുന്ന പാണ്ഡവരുടെ മടങ്ങിവരവ് ആഘോഷിക്കുന്നതാണ് ദീപാവലി എന്നാണ് മറ്റൊരു വ്യാഖ്യാനം.

സമ്പത്തിന്റെയും സമൃദ്ധിയുടെയും ആള്‍രൂപമായ ലക്ഷ്മി ദേവിയുമായും ഈ ഉത്സവം ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. ലക്ഷ്മിദേവി സമുദ്രത്തില്‍ നിന്ന് ഉയർന്നു വരുന്ന സംഭവത്തെ സമുദ്ര മൻദാനെന്ന് അറിയപ്പെടുന്നു. വിഷ്ണുദേവനെ ഭർത്താവായി തിരഞ്ഞെടുത്ത് വിവാഹം കഴിച്ചത് ഇതിന്റെ പ്രാധാന്യം വർദ്ധിപ്പിയ്ക്കുന്നു .

ദീപാവലി പൂജ ചെയ്യാൻ അനുയോജ്യ സമയം സൂര്യാസ്തമയത്തിന് ശേഷം ആയിരിക്കും, ഈ സമയം പ്രദോഷം എന്നറിയപ്പെടുന്നു. അമാവാസി ചന്ദ്രന്റെ സാന്നിധ്യമുള്ളത് കൊണ്ടാണ് പൂജയ്ക്കായി ഈ സമയം തിരഞ്ഞെടുത്തത്.
ദീപാവലി പൂജയ്ക്ക് പ്രദോഷത്തിലും അനുയോജ്യമായ മുഹൂർത്തം വേറെയില്ല.പ്രദോഷത്തിലെ ഈ 24 മിനിറ്റ് ആണ് ദീപാവലിയുടെ ആത്മീയ ചൈതന്യത്തിന്റെ സമയം

ഈ ദീപാവലി നിങ്ങളില്‍ വെളിച്ചവും സന്തോഷവും ഐശ്വര്യവും നിറയ്ക്കട്ടെ, ഏവർക്കും ദീപാവലി ആശംസകൾ.

+ There are no comments

Add yours