മുംബൈ: ബോംബെ ഐഐടിയിൽ ആത്മഹത്യ ചെയ്ത രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥി സാഹിൽ വകോദ പരീക്ഷാഹാളിൽ കോപ്പിയടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കോപ്പിയടിക്കുന്നത് പ്രൊഫസർ പിടികൂടുന്നതും ഇതിന് പിന്നാലെ വിദ്യാർത്ഥി ഹാളിന് പുറത്തേക്ക് പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ സംഭവത്തിന് ശേഷമാണ് ഹോസ്റ്റൽ മുറിയിൽ സാഹിൽ ജീവനൊടുക്കിയത്. വിദ്യാർത്ഥിക്ക് നേരെ ജാതീയാധിക്ഷേപം നടന്നിട്ടുണ്ടെന്ന ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ നിർണ്ണായക ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്.
സാഹിലിന്റെ മരണത്തിന് പിന്നാലെ ക്യാമ്പസിൽ വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. കോളേജ് അധികൃതരുടെയും ഹോസ്റ്റൽ ഭരണസമിതിയുടെയും ഭാഗത്തുനിന്ന് വലിയ വീഴ്ചകൾ ഉണ്ടായെന്ന് ആരോപിച്ച് വിദ്യാർത്ഥികൾ അന്ന് രാത്രി തന്നെ ക്യാമ്പസിൽ പ്രതിഷേധിച്ചിരുന്നു. സംഭവത്തെ തുടർന്ന് പോലീസ് അന്വേഷണം നേരിടുന്ന പ്രൊഫസർ സൂര്യനാരായൺ ഡൂല്ലയെ ഡീൻ സ്ഥാനത്തുനിന്ന് നിലവിൽ നീക്കിയിട്ടുണ്ട്. ഇദ്ദേഹമാണ് പരീക്ഷയ്ക്കിടെ വിദ്യാർത്ഥിയെ പിടികൂടിയത്. എന്നാൽ അധ്യാപകനെ പൂർണ്ണമായും സസ്പെൻഡ് ചെയ്യണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് വിദ്യാർത്ഥികൾ.
അതേസമയം, പ്രൊഫസർ സൂര്യനാരായണന് പിന്തുണ പ്രഖ്യാപിച്ച് ഐഐടിയിലെ ഒരു കൂട്ടം അധ്യാപകരും വിദ്യാർത്ഥികളും ക്യാമ്പസിൽ ജാഥ നടത്തി. സാഹിലിന് നേരെ യാതൊരുവിധ ജാതീയാധിക്ഷേപവും ഉണ്ടായിട്ടില്ലെന്നാണ് സഹപാഠികൾ മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്നാൽ, മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജാതീയാധിക്ഷേപത്തിന് ഉൾപ്പെടെ പോലീസ് കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്.




+ There are no comments
Add yours