വിവാഹ സദ്യയ്ക്ക് പണം വാങ്ങി മുങ്ങി; ഉദയം കാറ്ററിങ് ഉടമ വിഷ്ണുവിനെതിരെ കൂത്താട്ടുകുളത്തും കേസ്

Estimated read time 1 min read

കൊച്ചി: വിവാഹ സദ്യയ്ക്ക് ഓർഡർ എടുത്ത് പണം വാങ്ങിയ ശേഷം ഭക്ഷണം എത്തിക്കാതെ മുങ്ങുന്ന ഉദയം കാറ്ററിങ് ആൻഡ് ഇവന്റ്സ് ഉടമ വിഷ്ണു മോഹനെതിരെ ഒരു കേസ് കൂടി. കോഴിപ്പിള്ളി സ്വദേശിനിയുടെ പരാതിയിൽ കൂത്താട്ടുകുളം പോലീസാണ് ഇയാൾക്കെതിരെ പുതിയ കേസെടുത്തിരിക്കുന്നത്. ഓഗസ്റ്റ് 22-ന് നടന്ന വിവാഹത്തിന് സദ്യ നൽകാമെന്ന് ഏറ്റ ശേഷം, 1,35,000 രൂപ മുൻകൂർ കൈപ്പറ്റി ഇയാൾ മുങ്ങുകയായിരുന്നു. സമാനമായ മറ്റൊരു തട്ടിപ്പ് കേസിൽ കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്ത വിഷ്ണു നിലവിൽ റിമാൻഡിലാണ്.

സോഷ്യൽ മീഡിയ വഴിയുള്ള തട്ടിപ്പ് രീതി:

സോഷ്യൽ മീഡിയയിലൂടെ ആകർഷകമായ പരസ്യങ്ങൾ നൽകിയാണ് ഇയാൾ ആളുകളെ വലയിലാക്കിയിരുന്നത്. നേരിട്ട് ഓർഡറുകളും മുൻകൂർ തുകയും കൈപ്പറ്റിയ ശേഷം ഈ വർക്കുകൾ മറ്റ് കാറ്ററിങ് സർവീസുകൾക്ക് സബ് കോൺട്രാക്ട് നൽകുന്നതായിരുന്നു വിഷ്ണുവിന്റെ രീതി. എന്നാൽ, സബ് കോൺട്രാക്ട് എടുത്തവർക്ക് ഇയാൾ പണം നൽകാതെ വന്നതോടെ അവർ ഭക്ഷണം വിതരണം ചെയ്യുന്നത് നിർത്തി. ഇതോടെയാണ് തട്ടിപ്പ് പുറത്തായത്. വിവാഹ ദിവസം ഭക്ഷണം ലഭിക്കാതെ മൂന്നിലധികം കുടുംബങ്ങളാണ് ഇയാളുടെ തട്ടിപ്പിനിരയായി പെരുവഴിയിലായത്.

തുടർക്കഥയായ കേസുകൾ:

കോട്ടയം കഞ്ഞിക്കുഴി സ്വദേശികൾ നൽകിയ സമാനമായ പരാതിയിലായിരുന്നു ഒളിവിൽ പോയ വിഷ്ണുവിനെ കോട്ടയം ഈസ്റ്റ് പോലീസ് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. മുണ്ടക്കയം ചോറ്റിയിലാണ് ഇയാളുടെ തട്ടിപ്പ് ആദ്യം പുറത്തറിയുന്നത്. അന്ന് 400 പേർക്കുള്ള വിവാഹ സദ്യ കൃത്യസമയത്ത് എത്തിക്കാതെ വന്നതോടെയാണ് പ്രശ്നം പുറംലോകമറിഞ്ഞത്. ഇതിന് പിന്നാലെ കോട്ടയം കഞ്ഞിക്കുഴിയിലും എറണാകുളം കുന്നത്തുനാടും സമാന പരാതികൾ ഉയർന്നു. നിലവിൽ കോട്ടയത്ത് രണ്ടും എറണാകുളത്ത് രണ്ടുൾപ്പെടെ നിരവധി കേസുകൾ ഇയാൾക്കെതിരെയുണ്ട്.

+ There are no comments

Add yours