സായുധ പോലീസ് സേനകളിൽ 1871 സബ് ഇൻസ്പെക്ടർ ഒഴിവുകൾപുരുഷന്മാർക്ക് 1612, വനിതകൾക്ക് 259 ഒഴിവുകൾ; സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം…

Estimated read time 1 min read

സായുധ പോലീസ് സേനകളിൽ 1871 സബ് ഇൻസ്പെക്ടർ ഒഴിവുകൾ
പുരുഷന്മാർക്ക് 1612, വനിതകൾക്ക് 259 ഒഴിവുകൾ; സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം

ന്യൂഡൽഹി: കേന്ദ്ര സായുധ പോലീസ് സേനകളിലെയും ഡൽഹി പോലീസിലെയും സബ് ഇൻസ്പെക്ടർ തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (SSC) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിവിധ സായുധ സേനകളിലായി പുരുഷന്മാർക്ക് 1407-ഉം വനിതകൾക്ക് 147-ഉം ഒഴിവുകളുണ്ട്. ഡൽഹി പോലീസിൽ പുരുഷന്മാർക്ക് 205-ഉം വനിതകൾക്ക് 112-ഉം ഒഴിവുകളാണുള്ളത്. ആകെ 1871 ഒഴിവുകൾ.

സെൻട്രൽ റിസർവ്‌ഡ് പോലീസ് ഫോഴ്സ് (CRPF), ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF), ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് (ITBP), സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF), സശസ്ത്ര സീമാ ബൽ (SSB) എന്നീ സേനകളിലാണ് നിയമനം.

യോഗ്യത

സബ് ഇൻസ്പെക്ടർ (ഫയർ) ഒഴികെയുള്ള തസ്തികകൾക്ക് ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത വേണം. CISF-ലെ സബ് ഇൻസ്പെക്ടർ (ഫയർ) തസ്തികയ്ക്ക് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾ ഉൾപ്പെട്ട സയൻസ് ബിരുദം ആവശ്യമാണ്.

മെക്കാനിക്കൽ, സിവിൽ, ഇലക്ട്രിക്കൽ, ഓട്ടോമൊബൈൽസ്, കെമിക്കൽ, മൈനിങ്, എയ്റോനോട്ടിക്കൽ, ടെലികമ്യൂണിക്കേഷൻ എൻജിനിയറിങ്ങിൽ ത്രിവത്സര ഡിപ്ലോമയോ തത്തുല്യ/ഉയർന്ന യോഗ്യതയോ ഉള്ളവർക്കും CISF സബ് ഇൻസ്പെക്ടർ (ഫയർ) തസ്തികയിലേക്ക് അപേക്ഷിക്കാം.

ഡൽഹി പോലീസിലെ സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് അപേക്ഷിക്കുന്ന പുരുഷന്മാർ കായികക്ഷമതാ പരീക്ഷ/ശാരീരിക അളവെടുപ്പിന് മുമ്പായി LMV (മോട്ടോർസൈക്കിൾ, കാർ) ഡ്രൈവിങ് ലൈസൻസ് നേടിയിരിക്കണം.

പ്രായപരിധി

CISF സബ് ഇൻസ്പെക്ടർ (ഫയർ) തസ്തികയ്ക്ക് 18–30 വയസ്സും മറ്റ് തസ്തികകൾക്ക് 20–25 വയസ്സുമാണ് പ്രായപരിധി. ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗങ്ങൾക്ക് അഞ്ച് വർഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്ന് വർഷവും ഇളവ് ലഭിക്കും.

ശാരീരിക യോഗ്യത

പുരുഷന്മാർക്ക് 170 സെ.മീ. ഉയരവും 80 സെ.മീ. നെഞ്ചളവും വേണം. നെഞ്ചിന്റെ വികാസം അഞ്ച് സെ.മീ. ആവശ്യമാണ്. എസ്.ടി. വിഭാഗത്തിലെ പുരുഷന്മാർക്ക് ഉയരത്തിൽ 162.5 സെ.മീ. വരെ ഇളവുണ്ട്.

വനിതകൾക്ക് 157 സെ.മീ. ഉയരം വേണം. എസ്.ടി. വിഭാഗത്തിലെ വനിതകൾക്ക് 154 സെ.മീ. ഉയരം മതിയാകും.

തിരഞ്ഞെടുപ്പ്

കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, രണ്ട് പേപ്പറുകൾ, കായികക്ഷമതാ പരീക്ഷ/ശാരീരിക അളവെടുപ്പ്, മെഡിക്കൽ പരിശോധന എന്നിവ ഉൾപ്പെടുന്നതാണ് തിരഞ്ഞെടുപ്പ് നടപടിക്രമം.

ശമ്പള സ്കെയിൽ: ₹35,400–₹1,12,400.

അപേക്ഷ സെപ്റ്റംബർ 30 വരെ

അപേക്ഷകൾ SSCയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി സെപ്റ്റംബർ 30 രാത്രി 11 മണിവരെ സമർപ്പിക്കാം.

+ There are no comments

Add yours