യുവാവിൻ്റെ ശരീരത്തില്‍ ഗർഭപാത്രവും ഫാലോപ്യൻ ട്യൂബും കണ്ടെത്തി

Estimated read time 1 min read

യുവാവിൻ്റെ ശരീരത്തില്‍ ഗർഭപാത്രവും ഫാലോപ്യൻ ട്യൂബും കണ്ടെത്തി

ഡല്‍ഹി: യുവാവിൻ്റെ ശരീരത്തില്‍ ഗർഭപാത്രവും ഫാലോപ്യൻ ട്യൂബും കണ്ടെത്തിയത് ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. വന്ധ്യതാ പരിശോധനയ്‌ക്കായി ആശുപത്രിയിലെത്തിയ 24 കാരനായ യുവാവിൻ്റെ ശരീരത്തില്‍ ഗർഭപാത്രവും ഫാലോപ്യൻ ട്യൂബും കണ്ടെത്തി.ഡല്‍ഹിയിലാണ് മെഡിക്കല്‍ ലോകത്തെ അത്ഭുതപ്പെടുത്തിയ ഈ അപൂർവ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുട്ടികളുണ്ടാകാത്തതിനെ തുടർന്ന് നടത്തിയ പതിവ് പരിശോധനകള്‍ക്കിടയിലാണ് യുവാവിന് ശരീരത്തിനുള്ളില്‍ സ്ത്രീകളുടെ പ്രത്യുത്പാദന അവയവങ്ങള്‍ ഉണ്ടെന്ന കാര്യം തിരിച്ചറിഞ്ഞത്.യുവാവിൻ്റെ ശുക്ലത്തില്‍ ബീജങ്ങളുടെ സാന്നിധ്യമില്ലാത്ത ‘അസൂസ്പെർമിയ’ എന്ന അവസ്ഥ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് വൃഷണങ്ങള്‍ വൃഷ്ണ സഞ്ചിയിലേക്ക് ഇറങ്ങാതെ അടിവയറ്റില്‍ തന്നെയാണുള്ളതെന്നും ശരീരത്തിനുള്ളില്‍ ഗർഭപാത്രം ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ ഉണ്ടെന്നും ഡോക്ടർമാർ സ്ഥിരീകരിച്ചത്.
പുരുഷന്മാരുടെ ബാഹ്യ ലൈംഗികാവയവങ്ങളോടെ ജീവിക്കുന്ന വ്യക്തികളില്‍ തന്നെ ആന്തരികമായി ഗർഭപാത്രം പോലുള്ള സ്ത്രീ അവയവങ്ങള്‍ കാണപ്പെടുന്ന അവസ്ഥയാണിതെന്ന് പ്രമുഖ ആൻഡ്രോളജിസ്റ്റും ഐ.എ.എസ്.എച്ച്‌ (IASH) ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകനുമായ ഡോ. ചിരാഗ് ഭണ്ഡാരി വിശദീകരിച്ചു.ഒരു കുഞ്ഞ് ഗർഭപാത്രത്തില്‍ വളരുന്ന ഘട്ടത്തില്‍ മുള്ളേരിയൻ ഡക്ടുകള്‍ സാധാരണയായി പുരുഷ ഹോർമോണായ എ.എം.എച്ചിന്റെ (AMH) സ്വാധീനത്താല്‍ ഇല്ലാതാകാറുണ്ട്. എന്നാല്‍, ഈ ഹോർമോണിന്റെ ഉത്പാദനം കുറയുകയോ ശരീരം ഇതിനോട് പ്രതികരിക്കാതിരിക്കുകയോ ചെയ്യുമ്പോള്‍ ഈ അവയവങ്ങള്‍ ഉള്ളില്‍ അവശേഷിക്കുന്നു. പുറമെ സാധാരണ പുരുഷനായി കാണപ്പെടുമ്പോഴും ഉള്ളില്‍ ഗർഭപാത്രം അവശേഷിക്കുന്നത് ഇതിനാലാണ്.

+ There are no comments

Add yours