*Operation D Hunt ന്റെ ഭാഗമായുള്ള പ്രത്യേക പരിശോധനയിൽ തൃശൂർ കൊടകരയിൽ വൻ ലഹരിമരുന്ന് വേട്ട*…
*180 ഗ്രാം മുന്തിയ ഇനം രാസലഹരിയുമായി “ഡാർക്ക് മർച്ചൻ്റ്” ദീപക്കും നോർത്ത് പറവൂർ സ്വദേശിനിയും പോലീസ് പിടിയിൽ*.
ഓപ്പറേഷൻ ” ഡി ഹണ്ടിന്റെ ” ഭാഗമായി മയക്കു മരുന്നിനെതിരെ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS ൻ്റെ നിർദ്ദേശ പ്രകാരം തൃശൂർ റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കൊടകര പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ കൊടകര മേൽപാലത്തിനു സമീപം വെച്ച് നൂറ്റി എൺപത് ഗ്രാം മാരക രാസലഹരിയായ MDMA യുമായി രണ്ടു പേരെ പിടികൂടി. ഇരിങ്ങാലക്കുട, വെള്ളാങ്കല്ലൂർ, കല്ലംകുന്ന്, ചിറയിൽ വീട്ടിൽ ദീപക് രാജു (30 വയസ്സ്) , എന്ന യുവാവും എറണാകുളം ജില്ല നോർത്ത് പറവൂർ മൂത്തകുന്നം സ്വദേശിനി ദീക്ഷിത (22 വയസ്) എന്ന യുവതിയുമാണ് പിടിയിലായത്.
ബാംഗ്ലൂരിൽ നിന്നുമാണ് പ്രതികൾ മയക്കുമരുന്ന് എത്തിച്ചത്. തൃശ്ശൂർ ഇരിങ്ങാലക്കുട ഭാഗത്തെ പ്രധാന ലഹരി വില്പനക്കാരനായ ദീപക് മുൻപും ലഹരി മരുന്ന് കേസിൽ പിടിയിലായിട്ടുണ്ട്. ജയിലിൽ നിന്ന് ഇറങ്ങിയശേഷവും ഇയാൾ ലഹരിക്കടത്തും, വില്പനയും തുടരുകയായിരുന്നു. ചില്ലറ വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന മുന്തിയ ഇനം രാസ ലഹരിയാണ് ഇവരിൽ നിന്നും പിടികൂടിയത്. തൃശൂർ റൂറൽ ജില്ലയിലെ ഏറ്റവും വലിയ രാസലഹരി വേട്ടകളിലൊന്നാണിത്. പ്രതികളുൾപ്പെടുന്ന ലഹരി സംഘത്തെക്കുറിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS ൻ്റെ നിർദ്ദേശപ്രകാരം റൂറൽ ഡിസിബി ഡിവൈഎസ്പി ഉല്ലാസ് കുമാർ, ചാലകുടി ഡിവൈഎസ്പി സുമേഷ് കെ., എന്നിവരുടെ നേത്യത്വത്തിൽ തൃശൂർ റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് സബ് ഇൻസ്പെക്ടർ എൻ പ്രദീപിൻ്റെ നേതൃത്വത്തിലുള്ള സി.ആർ പ്രദീപ്, പി.പി. ജയകൃഷ്ണൻ, സതീശൻ മടപ്പാട്ടിൽ, ഷൈൻ ടി. ആർ, പി. എം മൂസ, സൂരജ് വി.ദേവ്, ലിജു ഇയ്യാനി, റെജി എ.യു , ബിനു എം.ജെ, ബിജു സി കെ, ഷിജോ തോമസ്, സോണി പി.എക്സ് ,ഷിൻ്റോ കെ.ജെ,, നിഷാന്ത് എ.ബി, എന്നിവരടങ്ങിയ റൂറൻ ഡാൻസാഫ് സ്ക്വാഡും കൊടകര ഇൻസ്പെക്ടർ ദാസ് പി കെ, എഎസ്ഐമാരായ ബൈജു എം. എസ്, ജ്യോതി ലക്ഷ്മി, സീനിയർ സിവിൽ പോലീസ് ഓഫിസർ ബെന്നി കെ.പി,സിവിൽ പോലീസ് ഓഫിസർ ആഷിക് M, എന്നിവരും ചേർന്നാണ് മയക്കുമരുന്നും പ്രതികളേയും പിടികൂടിയത്.
മയക്കുമരുന്ന് വിതരണ മേഖലയിൽ “ഡാർക്ക് മർച്ചൻ്റ്” എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ദീപക് ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ രണ്ടായിരത്തി ഇരുപത്തൊന്നിൽ പത്ത് കിലോ കഞ്ചാവ് കടത്തിയതിന് പിടിയിലായി ജാമ്യത്തിലിറങ്ങിയ ആളാണ്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ടതിനെ തുടർന്നാണ് അന്ന് പിടിയിലായത്. പിന്നീടും നിരവധി തവണ ഹാഷിഷ് ഓയിലും കഞ്ചാവുമായി ഇയാൾ പിടിയിലായിട്ടുണ്ടെങ്കിലും ജയിലിൽ നിന്നും പുറത്തിറങ്ങി ലഹരി വിൽപന തുടർന്നു വരികയായിരുന്നു. ബാംഗ്ലൂരിൽ നിന്നും അന്തർ സർവ്വീസ് നടത്തുന്ന ബസിൽ വന്നു കൊടകരയിൽ ഇറങ്ങി മേൽപാലത്തിനു കീഴിൽ പാർക്ക് ചെയ്തിരുന്ന വാഹനം ലക്ഷ്യമാക്കി നടന്നു വരുമ്പോഴാണ് ഇവരെ പോലീസ് സംഘം പിടികൂടിയത്.10 ലക്ഷം രൂപ ചില്ലറ വിപണിയിൽ വില വരുന്ന ഈ മയക്കുമരുന്ന് ഒരു ലക്ഷത്തിലേറെ രൂപ നൽകിയാണ് ബാംഗ്ലൂരിൽ നിന്നും ആണ് ഇവർ വാങ്ങിയത്. ബാംഗ്ലൂരിൽ ഇവർക്ക് രാസലഹരി കൈമാറിയ അന്താരാഷ്ട്ര ലഹരി മാഫിയ സംഘത്തെപ്പറ്റിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.


+ There are no comments
Add yours