തിരുവനന്തപുരം: മന്ത്രിസഭയിൽ ക്യാബിനറ്റ് പദവി ആവശ്യപ്പെട്ട് ആർ.എസ്.പിയും രംഗത്ത്. നാല് എം.എൽ.എമാരുള്ള പാർട്ടി എന്ന നിലയിലുള്ള അർഹമായ പരിഗണന വേണമെന്നാണ് ആർ.എസ്.പിയുടെ ആവശ്യം. 14 ബോർഡ്-കോർപ്പറേഷൻ സ്ഥാനങ്ങൾ വേണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടുപോകേണ്ടതില്ലെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനമായി. ബോർഡ്-കോർപ്പറേഷൻ വിഭജനം വൈകുന്നതിൽ കടുത്ത അതൃപ്തി പരസ്യമാക്കിയ പാർട്ടി, ഇക്കാര്യത്തിൽ ഈ മാസം തന്നെ തീരുമാനമുണ്ടാകണമെന്നും ആവശ്യപ്പെട്ടു.
യു.ഡി.എഫ് യോഗം വിളിക്കണം
മന്ത്രിസഭയെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങൾ നിർഭാഗ്യകരമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പ്രതികരിച്ചു. നിലവിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ അടിയന്തരമായി യു.ഡി.എഫ് യോഗം വിളിക്കണം. നയപരമായ കാര്യങ്ങൾ യു.ഡി.എഫ് പ്ലാറ്റ്ഫോമിൽ ജനാധിപത്യപരമായ രീതിയിൽ ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എ.എ. അസീസിനും ക്യാബിനറ്റ് പദവി വേണം
ക്യാബിനറ്റ് പദവിയുള്ളവരുടെ എണ്ണം വ്യാപകമായി വർദ്ധിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്ന് വ്യക്തമാക്കിയ എൻ.കെ. പ്രേമചന്ദ്രൻ, എന്നാൽ എണ്ണം വർദ്ധിപ്പിക്കുകയാണെങ്കിൽ എ.എ. അസീസിനും ക്യാബിനറ്റ് പദവി നൽകണമെന്ന് ആവശ്യപ്പെട്ടു. “എല്ലാ പാർട്ടികൾക്കും ക്യാബിനറ്റ് പദവി കൊടുക്കാമെങ്കിൽ ആർ.എസ്.പിക്ക് എന്താണ് അയോഗ്യത?” എന്ന് അദ്ദേഹം ചോദിച്ചു.
മുസ്ലിം ലീഗിനും ഫോർവേഡ് ബ്ലോക്കിനും ക്യാബിനറ്റ് പദവി നൽകുന്നത് സംബന്ധിച്ച് ചർച്ച നടന്നതായി അറിവില്ലെന്നും, ചിലപ്പോൾ നേതാക്കളുമായി സംസാരിച്ചിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. നയപരമായ ചർച്ചകൾ നടക്കേണ്ടത് മുന്നണി യോഗത്തിലാണ്, അല്ലാതെ മന്ത്രിസഭാ യോഗത്തിലല്ല. കെ.പി.സി.സി പ്രസിഡന്റും ആർ.എസ്.പി സെക്രട്ടറിയുമെല്ലാം ക്യാബിനറ്റിൽ ഉണ്ടെങ്കിലും രാഷ്ട്രീയ ചർച്ചകൾ അവിടെ നടക്കണമെന്നില്ലെന്നും എൻ.കെ. പ്രേമചന്ദ്രൻ കൂട്ടിച്ചേർത്തു.




+ There are no comments
Add yours