എറണാകുളം: മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശ്ശേരി മിനി കൂപ്പർ അപകട കേസിലെ മുഖ്യപ്രതി സുഹൈൽ സജീവിന്റെ അറസ്റ്റ് എക്സൈസ് രേഖപ്പെടുത്തി. 23 വയസ്സിന് താഴെയുള്ളയാൾ മദ്യം കഴിച്ചതിന് അബ്കാരി നിയമപ്രകാരമാണ് നടപടി. ജാമ്യത്തിലിറങ്ങിയ സുഹൈൽ എക്സൈസ് ഓഫീസിൽ ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് ജാമ്യത്തിൽ വിട്ടത്.
അപകടത്തിന് മുൻപ് ഒരു ബാറിൽ നിന്ന് മാത്രം ഏകദേശം 4,500 രൂപയുടെ മദ്യം ഇയാൾ വാങ്ങിയിരുന്നതായി എക്സൈസ് കണ്ടെത്തിയിരുന്നു. ബാറിലെ സി.സി.ടി.വി ദൃശ്യങ്ങളുൾപ്പെടെയുള്ള തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. 36 ദിവസത്തിന് ശേഷം കഴിഞ്ഞ ആഴ്ചയാണ് കാക്കനാട് ബോസ്റ്റൽ സ്കൂളിൽ നിന്ന് സുഹൈൽ മോചിതനായത്. പുറത്തിറങ്ങി രണ്ട് ദിവസത്തിന് ശേഷമാണ് ഇയാൾ എക്സൈസിന് മുന്നിൽ ഹാജരായത്.
കേസിൽ സുഹൈലിനൊപ്പം അറസ്റ്റിലായ ജോയൽ എസ്. ആന്റോ, നിനവ്, അമീൻ ഷാ എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. മജിസ്‌ട്രേറ്റ് കോടതിയും ജില്ലാ കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിച്ചാണ് സുഹൈൽ ജാമ്യം നേടിയത്. 10 ദിവസത്തിന് ശേഷം മാത്രമേ മോചിപ്പിക്കാവൂ എന്ന കോടതി വ്യവസ്ഥയെ തുടർന്നാണ് ഇയാൾ പിന്നീട് പുറത്തിറങ്ങിയത്.
കഴിഞ്ഞ ഒക്ടോബർ 11-ന് പുലർച്ചെയാണ് നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ വെച്ച് സുഹൈൽ സജീവ് മദ്യപിച്ച് ഓടിച്ച വാഹനമിടിച്ച് മൂന്ന് പേർ മരിച്ചത്. വാഹനമോടിച്ച സുഹൈലിനെതിരെ നരഹത്യാ കുറ്റവും, ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്നുപേർക്കെതിരെ പ്രേരണാ കുറ്റവുമാണ് പോലീസ് ചുമത്തിയിട്ടുള്ളത്. കേസിൽ ഈ മാസം അവസാനത്തോടെ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.




+ There are no comments
Add yours