ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ അധിക്ഷേപ പരാമർശം നടത്തിയെന്ന പരാതിയില്‍ വൈഎസ്‌ആർ കോണ്‍ഗ്രസ് നേതാവും മുൻ മന്ത്രിയുമായ അമ്പാട്ടി രാംബാബു അറസ്റ്റില്‍…

Estimated read time 0 min read

ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ അധിക്ഷേപ പരാമർശം നടത്തിയെന്ന പരാതിയില്‍ വൈഎസ്‌ആർ കോണ്‍ഗ്രസ് നേതാവും മുൻ മന്ത്രിയുമായ അമ്പാട്ടി രാംബാബു അറസ്റ്റില്‍.

ശനിയാഴ്ച രാത്രിയാണ് രാംബാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

പോലീസിന് നേരേ അതിക്രമം നടത്തിയെന്നും രാംബാബുവിനെതിരെ ആരോപണമുണ്ട്. ഗുണ്ടൂർ വികാസ് നഗറിലെ വീട്ടില്‍ നിന്ന് ആയിരുന്നു രാംബാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ മുൻ മന്ത്രിയെ നല്ലപ്പാഡു പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.

തിരുപ്പതി ലഡു വിവാദത്തില്‍ മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡിക്കെതിരെ ടിഡിപി പ്രവർത്തകർ ബോർഡുകള്‍ സ്ഥാപിച്ചിരുന്നു. ഇതിനെതിരെ രംഗത്തെത്തിയ രാംബാബു മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ അധിക്ഷേപ പരാമർശം നടത്തിയിരുന്നു.

ഇതോടെ ടിഡിപി പ്രവർത്തകർ രാംബാബുവിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. മുഖ്യമന്ത്രിയെ അധിക്ഷേപിച്ച രാംബാബുവിനെ കസ്റ്റഡിയിലെടുക്കണമെന്നായിരുന്നു ടിഡിപി പ്രവർത്തകരുടെ ആവശ്യം.

അമ്പാട്ടി രാംബാബുവിന്റെ വീടിന് നേരെയും ആക്രമണമുണ്ടായി. വീട്ടിലുണ്ടായിരുന്ന വാഹനവും തകർത്തു. രാംബാബുവിന്റെ വീടിന് മുന്നില്‍ വൈഎസ്‌ആർ പ്രവർത്തകർ കൂടി തടിച്ചുകൂടിയതോടെ ഇരുവിഭാഗങ്ങളും തമ്മില്‍ സംഘർഷമുണ്ടായി.

ഇതിനിടെ കനത്ത പോലീസ് സുരക്ഷയിലാണ് വൈഎസ്‌ആർ കോണ്‍ഗ്രസിന്റെ മുൻ മന്ത്രിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.

+ There are no comments

Add yours