അമ്പ് തിരുനാളിനൊരുങ്ങി ചരിത്ര പ്രസിദ്ധമായ മാള സെ. സ്റ്റനിസ്ലാവോസ് ഫൊറോന പള്ളി

Estimated read time 0 min read
മാള ഇടവകയിലെ തിരുനാളിനോടനുബന്ധിച്ച് തിരുനാൾ പ്രസുദേന്തി ഷാജു കുന്നത്തോളി നിർധന കുടുംബത്തിനായി നിർമ്മിച്ച് നല്കുന്ന ഭവനം.

മാള ഫോറോന പള്ളിയിൽ തിരുനാൾ
മാള:ചരിത്ര പ്രസിദ്ധമായ മാള സെ. സ്റ്റനിസ്ലാവോസ് ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിവാഹ (ദർശന) തിരുനാളും വി സെബസ്‌ത്യാനോസിന്റെ അമ്പ് തിരുനാളും ജനുവരി 20 മുതൽ 27 വരെ ദിവസങ്ങളിൽ നടത്തപ്പെടുകയാണ്. ബുധൻ വൈകീട്ട് 6 ന് തിരുനാൾ കൊടികയറ്റം നടത്തപ്പെടും. തുടർന്ന് സാൽവേ ലദീഞ്ഞും വി.കുർബാനയും ഉണ്ടായിരിക്കും. ഛാന്ദാ രൂപത ബിഷപ്പ് മാർ എഫ്രേം നരികുളം തിരുകർമ്മങ്ങൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. തിരുനാളിൻ്റെ ഭാഗമായി പ്രസുദേന്തി ഷാജു കുന്നത്തോളി നിർമ്മിച്ച് നല്‌കുന്ന ചാരിറ്റബിൾ ഹൗസിൻ്റെ താക്കോൽ ദാനം ബിഷപ്പ് നിർവ്വഹിക്കും. തുടർന്ന് കൊച്ചിൻ സ്റ്റാർലൈറ്റിൻ്റെ മ്യൂസിക്കൽ നൈറ്റ് പ്രോഗ്രാം നടത്തപ്പെടും. വ്യാഴാഴ്‌ച വൈകിട്ട് 6 ന് ലദീഞ്ഞ് വി.കുർബാന എന്നിവ ഉണ്ടായിരിക്കും. ഫാ. രേഞ്ചു തെക്കിനിയത്ത് സിഎംഐ കാർമ്മികത്വം വഹിക്കും. തുടർന്ന് കെപിഎസിയുടെ സാമൂഹിക സംഗീത നാടകം മുടിയനായ പുത്രൻ നടത്തപ്പെടും വെള്ളിയാഴ്ച്‌ച വൈകിട്ട് 6 ന് 2026 ലെ തിരുനാൾ പ്രസുദേന്തിയായി തെരഞ്ഞെടുക്കപ്പെട്ട പയ്യപ്പിള്ളി കുഞ്ഞുവർക്കി ജോസിന് പള്ളിയിൽ സ്വീകരണം നല്‌കും. തുടർന്നുള്ള ദിവ്യബലിക്ക് ഫാ. ഡിജോ പയ്യപ്പിള്ളി സിഎംഐ കാർമ്മികത്വം വഹിക്കും. ദീപാലങ്കാരങ്ങളുടെയും നില പന്തലിൻ്റെയും സ്വിച്ച്‌ഓൺ കർമ്മം മാള എസ്എച്ച്ഒ സജിൻ ശശി നിർവ്വഹിക്കും. ശനിയാഴ്ച‌യാണ് അമ്പ് എഴുന്നുള്ളിപ്പ് .അന്നേ ദിവസം രാവിലെ 7 ന് നടത്തപ്പെടുന്ന ദിവ്യബലിക്ക് ഫാ. ജെറിൽ മാളിയേക്കൽ കാർമ്മികത്വം വഹിക്കും. ദിവ്യബലിക്ക് ശേഷം തിരുസ്വരൂപങ്ങൾ പരസ്യവണക്കത്തിനായി പന്തലിലേക്ക് എഴുന്നള്ളിച്ച് വയ്ക്കും. തുടർന്ന് യൂണിറ്റുകളിലേക്കുള്ള അമ്പ് എഴുന്നള്ളിപ്പ് ആരംഭിക്കും. രാത്രി 7 മുതൽ സ്റ്റേജിൽ വാദ്യമേള മൽസരങ്ങൾ ആരംഭിക്കും. 9.30 ന് അമ്പ് പ്രദക്ഷിണങ്ങൾ പള്ളിയിൽ സമാപിക്കും. തിരുനാൾ ദിനമായ ഞായറാഴ്‌ച രാവിലെ 6 , 7.15, 10 ഉച്ചതിരിഞ്ഞ് 3.30 സമയങ്ങളിൽ ദിവ്യബലികൾ നടത്തപ്പെടും. 10 ന് നടക്കുന്ന തിരുനാൾ ദിവ്യബലിക്ക് ഫാ. ആൻജോ പുത്തൂർ സിഎംഐ മുഖ്യകാർമ്മികത്വം വഹിക്കും. ഫാ. സാംസൺ എലുവത്തിങ്കൽ സന്ദേശം നല്‌കും. 3.30 ന്റെ ദിവ്യബലിക്ക് ശേഷം വാദ്യമേളങ്ങളുടേയും 40 പൊൻ വെള്ളി കുരിശുകളുടേയും അകമ്പടിയോടെ തിരുനാൾ പ്രദക്ഷിണം നടത്തപ്പെടും. തുടർന്ന് ബ്ലൂ ഡൈമൺസിൻ്റെ ഗാനമേളയും സ്റ്റേജ് ഷോയും നടത്തപ്പെടും. തിങ്കളാഴ്‌ചയാണ് ടൗൺ അമ്പ് .രാവിലെ 9 ന് പള്ളിയിൽ നിന്നും അമ്പ് എഴുന്നുള്ളിപ്പ് ആരംഭിച്ച് രാത്രി 10 ന് പള്ളിയിൽ സമാപിക്കും. ചൊവ്വാഴ്‌ച രാവിലെ 6 ന് പരേതർക്കുവേണ്ടിയുള്ള ദിവ്യബലിക്ക് ശേഷം തിരുനാൾ കൊടി ഇറക്കം നടത്തപ്പെടും. തിരുനാളിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ. ജോർജ് പാറേമേൻ, തിരുനാൾ പ്രസുദേന്തി ഷാജു കുന്നത്തോളി, കൈക്കാരൻമാരായ  ബേബി ഇട്ടീര, ജോൺസൻ ചെല്ലക്കൂടം, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ലിൻ്റീഷ് ആൻ്റോ എന്നിവർ മാളയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.

+ There are no comments

Add yours