ഡൽഹിയിൽ കനത്ത മഴ; ഗ്യാനേഷ് കുമാറിനെതിരായ ഇന്ത്യാ സഖ്യത്തിന്റെ ‘ജനകീയ കുറ്റവിചാരണ’ നാളത്തേക്ക് മാറ്റി

Estimated read time 0 min read

ന്യൂഡൽഹി: ഡൽഹിയിലെ മോശം കാലാവസ്ഥയെത്തുടർന്ന് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യം ഇന്ന് നടത്താനിരുന്ന ജനകീയ കുറ്റവിചാരണ മാറ്റിവെച്ചു. പരിപാടി നാളെ വൈകുന്നേരം 4 മണിക്ക് നടക്കുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അറിയിച്ചു. നഗരത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുതിർന്ന നേതാക്കൾക്ക് ഉൾപ്പെടെ ഏറെനേരം പുറത്തുനിൽക്കാൻ ബുദ്ധിമുട്ടുള്ളതിനാലാണ് പരിപാടി മാറ്റിവെക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യാ സഖ്യത്തിന്റെ അടുത്തഘട്ട പ്രതിഷേധമായ മഹാറാലി നവംബർ ഒന്നിന് രാംലീല മൈതാനത്ത് നടക്കും. ജനാധിപത്യത്തെ സംരക്ഷിക്കാനായുള്ള ഈ പ്രതിഷേധത്തിലേക്ക് വലിയൊരു ജനസമൂഹം ഒഴുകിയെത്തുമെന്നും എല്ലാവരും ഇതിൽ അണിനിരക്കണമെന്നും രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തു. നവംബർ ഒന്നിലെ മഹാറാലിയിലെ ജനപങ്കാളിത്തം എത്രത്തോളമുണ്ടെന്ന് അന്ന് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ദീപാവലി ഉത്സവ സീസൺ ആയതിനാൽ നവംബർ ഒന്നിലെ മഹാറാലി മാറ്റിവെക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ഡൽഹിയിലെ വ്യാപാരികൾ. റാലി തങ്ങളുടെ കച്ചവടത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി വ്യാപാരികളുടെ കൂട്ടായ്മ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, അഖിലേഷ് യാദവ് എന്നിവരുൾപ്പെടെയുള്ള ഇന്ത്യാ സഖ്യ നേതാക്കൾക്ക് ഇന്ന് കത്തയച്ചു. റാലി മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് നേരത്തെ രാഹുൽ ഗാന്ധിക്കും ഇവർ കത്ത് നൽകിയിരുന്നെങ്കിലും തീയതി മാറ്റാനാകില്ലെന്ന മറുപടിയാണ് ലഭിച്ചത്.

+ There are no comments

Add yours