കൊച്ചി: മൂന്നുപേരുടെ ജീവനെടുത്ത നെടുമ്പാശ്ശേരിയിലെ മിനികൂപ്പർ വാഹനാപകട കേസിൽ പ്രതികളെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഒന്നാം പ്രതി സുഹൈൽ ഉൾപ്പെടെയുള്ളവരെയാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി രണ്ട് ദിവസത്തേക്ക് കൂടി അന്വേഷണസംഘത്തിന് കസ്റ്റഡിയിൽ വിട്ടുനൽകിയത്. നാളെ വൈകിട്ട് അഞ്ചുമണിവരെയാണ് പ്രതികളെ കസ്റ്റഡിയിൽ അനുവദിച്ചിരിക്കുന്നത്.
പ്രതികളുടെ ജാമ്യാപേക്ഷ നേരത്തെ എറണാകുളം സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയത്. സാക്ഷികളെ കാണിച്ച് പ്രതികളെ തിരിച്ചറിയുന്നതിനും, സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പരിശോധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനും വേണ്ടിയാണ് വീണ്ടും കസ്റ്റഡി ആവശ്യപ്പെട്ടത്. പ്രതികളെ അന്വേഷണസംഘത്തിന് വിട്ടുനൽകുന്നതിനെ പ്രതിഭാഗം കോടതിയിൽ ശക്തമായി എതിർത്തിരുന്നു. അതേസമയം, കേസിലെ മൂന്നാം പ്രതിയായ ജോയൽ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ബാക്കിയുള്ള പ്രതികളും ഉടൻ തന്നെ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകുമെന്നാണ് വിവരം.
അതിനിടെ, അപകടമുണ്ടാക്കിയ മിനികൂപ്പർ കാർ ഡൽഹിയിൽ നിന്നുള്ള ബി.എം.ഡബ്ല്യു (BMW) സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥർ പരിശോധിച്ചു. അപകടസമയത്തെ വാഹനത്തിന്റെ വേഗത ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൃത്യമായ ശാസ്ത്രീയ വിവരങ്ങൾ ഈ പരിശോധനയിലൂടെ ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. പരിശോധന നടത്തിയ സാങ്കേതിക വിഭാഗം ഒരാഴ്ചയ്ക്കുള്ളിൽ പോലീസിന് റിപ്പോർട്ട് കൈമാറും.




+ There are no comments
Add yours