മൂന്നാം ദിനം ലക്ഷ്യം കണ്ടു; ചിന്നക്കനാലിലെ ചക്കക്കൊമ്പന് മയക്കുവെടി വെച്ചു

Estimated read time 1 min read

ഇടുക്കി: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ചിന്നക്കനാലിലെ കാട്ടാന ചക്കക്കൊമ്പന് മയക്കുവെടി വെച്ചു. ആന പൂർണമായി മയങ്ങിയോ എന്ന് വനംവകുപ്പിന് ഇതുവരെ ഉറപ്പിക്കാനായിട്ടില്ല. 50 മീറ്റർ അകലെ നിലയുറപ്പിച്ചിരിക്കുന്ന ദൗത്യസംഘം ആനയുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. നിലവിൽ ആനയിറങ്കൽ ഡാമിന് സമീപത്തുള്ള ആന ജലാശയത്തിലേക്ക് ഇറങ്ങാതിരിക്കാൻ സംഘം പടക്കം പൊട്ടിച്ച് തടയാനുള്ള ശ്രമം തുടരുന്നുണ്ട്. ആനയെ തളയ്ക്കാനായി കുങ്കിയാനകൾ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

നവംബർ 25-ന് ആരംഭിച്ച ദൗത്യത്തിന്റെ ആദ്യ ദിവസം ആനയ്ക്ക് ആദ്യ ഡോസ് മയക്കുവെടി വെച്ചെങ്കിലും പൂർണമായി മയങ്ങിയിരുന്നില്ല. തുടർന്ന് പ്രയോഗിച്ച ബൂസ്റ്റർ ഡോസ് കൃത്യമായി ഏൽക്കാതെ പോയതും, കനത്ത മഴയും കോടമഞ്ഞും പ്രതികൂലമായതോടെ അന്നത്തെ ദൗത്യം താൽക്കാലികമായി ഉപേക്ഷിക്കുകയായിരുന്നു. നവംബർ 26-ന് രാവിലെ ദൗത്യം പുനരാരംഭിച്ചെങ്കിലും, മയക്കുവെടി വെക്കാൻ അനുയോജ്യമായ തുറസ്സായ സ്ഥലത്തേക്ക് ആനയെ എത്തിക്കാൻ സാധിക്കാത്തത് തിരിച്ചടിയായി.

നവംബർ 27-ന് മൂന്നാം ദിവസത്തിലേക്ക് കടന്ന ദൗത്യത്തിന് ആന ജലാശയത്തിന് സമീപമുള്ള നടുത്തുരുത്തി, 301 കോളനി ഭാഗങ്ങളിലേക്ക് നീങ്ങിയതും ഒപ്പം പിടിയാനയും കുഞ്ഞും എത്തിയതും വലിയ വെല്ലുവിളി ഉയർത്തിയിരുന്നു. വിക്രം, ഭരത് എന്നീ രണ്ട് കുങ്കിയാനകളുടെയും 140-ഓളം വരുന്ന ദൗത്യസംഘത്തിന്റെയും സഹായത്തോടെയാണ് മിഷൻ ചക്കക്കൊമ്പൻ പുരോഗമിക്കുന്നത്.

+ There are no comments

Add yours