സാൻ ജുവാൻ: 75-ാമത് മിസ് യൂണിവേഴ്സ് സൗന്ദര്യ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മലയാളി താരം കെസിയ ലിസ് മെജോ പുറത്തായി. പ്യൂർട്ടോ റിക്കോയിലെ സാൻ ജുവാനിലുള്ള ജോസ് മിഗുവൽ അഗ്രലോട്ട് കൊളീസിയത്തിൽ നടക്കുന്ന മത്സരത്തിന്റെ സ്വിം സ്യൂട്ട് റൗണ്ടിൽ ടോപ്പ് 12-ൽ ഇടം നേടാനാകാതെ പോയതോടെയാണ് കെസിയയുടെ മടക്കം.
സ്വിം സ്യൂട്ട് റൗണ്ടിൽ തിരഞ്ഞെടുക്കപ്പെടുന്ന 12 പേരാണ് ഈവനിങ് ഗൗൺ റൗണ്ടിലേക്ക് കടക്കുക. ഇതിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന അവസാന അഞ്ച് മത്സരാർത്ഥികൾ ജൂറിയുടെ ചോദ്യോത്തര റൗണ്ടിൽ പങ്കെടുക്കും. തുടർന്ന് അവസാന റൗണ്ടിലെ പൊതുചോദ്യത്തിന് നൽകുന്ന ഉത്തരത്തിന്റെ അടിസ്ഥാനത്തിലാണ് മിസ് യൂണിവേഴ്സ് വിജയിയെയും റണ്ണർഅപ്പിനെയും പ്രഖ്യാപിക്കുക.
ജയ്പൂരിൽ നടന്ന മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം ചൂടിയ ആദ്യ മലയാളി എന്ന ചരിത്രം കുറിച്ചാണ് ആലപ്പുഴ മാവേലിക്കര സ്വദേശിയായ 19-കാരി കെസിയ ആഗോള വേദിയിലെത്തിയത്. 17-ാം വയസ്സിൽ മിസ് ടീൻ ദിവ 2024 പട്ടവും മിസ് ടീൻ ഇന്റർനാഷണൽ മത്സരത്തിൽ ഫസ്റ്റ് റണ്ണർഅപ്പ് പദവിയും സ്വന്തമാക്കിയിരുന്നു. മികച്ച നർത്തകി കൂടിയായ കെസിയ നിലവിൽ ബെംഗളൂരുവിൽ രണ്ടാം വർഷ നിയമ വിദ്യാർത്ഥിനിയാണ്.




+ There are no comments
Add yours