2018-ലെ അപകീർത്തിക്കേസ്: ധ്രുവ് റാഠിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി

Estimated read time 1 min read

ന്യൂഡൽഹി: പ്രമുഖ യൂട്യൂബർ ധ്രുവ് റാഠിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി. 2018-ലെ അപകീർത്തിക്കേസിൽ കോടതി അയച്ച സമൻസിൽ ഹാജരാകാത്തതിനെ തുടർന്നാണ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അനം റൈസ് ഖാൻ വാറണ്ട് പുറപ്പെടുവിച്ചത്. കേസ് ഡിസംബർ 3-ന് വീണ്ടും പരിഗണിക്കും.

കേസിനാസ്പദമായ സംഭവം

ബി.ജെ.പി ഐ.ടി സെല്ലിനെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട് ധ്രുവ് റാഠി തന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത വീഡിയോയ്ക്കെതിരെയാണ് പരാതി. 2018-ൽ വികാസ് സംസ്കൃത്യായൻ (പാണ്ഡെ) നൽകിയ മാനനഷ്ടക്കേസിലാണ് കോടതിയുടെ നടപടി.

നേരത്തെ ഒക്ടോബർ 31-നും റാഠിക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. നോട്ടീസ് കൈമാറാനെത്തിയ ഉദ്യോഗസ്ഥൻ റാഠിയുടെ വീട് പൂട്ടിയിട്ടിരിക്കുന്നതായി റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന്, ഹരിയാനയിലെ ഗുരുഗ്രാമിലുള്ള വിലാസത്തിലേക്ക് കോടതി പുതിയ സമൻസും അയച്ചിരുന്നു.

അഭിഭാഷകന്റെ വിശദീകരണം

ധ്രുവ് റാഠി സാധാരണയായി ഓസ്ട്രിയയിലാണ് താമസിക്കുന്നതെന്നും, ഡൽഹിയിൽ നടന്ന ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP) പ്രതിഷേധങ്ങളിൽ പങ്കെടുക്കാനാണ് അദ്ദേഹം ഇന്ത്യയിലെത്തിയതെന്നും റാഠിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

+ There are no comments

Add yours