തിരുവനന്തപുരം: ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ പ്രായപരിധി പതിമൂന്നായി കുറയ്ക്കണമെന്ന് തിരുവനന്തപുരം പാങ്ങപ്പാറയിൽ കൊല്ലപ്പെട്ട പതിനേഴുകാരൻ അഭിറാമിന്റെ സഹോദരി ആര്യ. ഏത് പ്രായത്തിൽ ചെയ്താലും കുറ്റം കുറ്റം തന്നെയാണെന്നും, പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് കടുത്ത ശിക്ഷ നൽകണമെന്നും ആര്യ ആവശ്യപ്പെട്ടു.
‘കുടുംബത്തിന്റെ പ്രതീക്ഷ തകർത്തത് 17-കാരൻ’
അഭിറാമിന്റേത് അസാധാരണമായ കൊലപാതകമാണെന്ന് ആര്യ പറഞ്ഞു. അഭിറാമിനെ തന്നെയാണോ പ്രതികൾ ലക്ഷ്യം വെച്ചതെന്നോ എന്തിനാണ് കൊലപ്പെടുത്തിയതെന്നോ ഇപ്പോഴും വ്യക്തമല്ല. പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ നൽകിയില്ലെങ്കിൽ തങ്ങളെപ്പോലെ നിരവധി കുടുംബങ്ങൾ കണ്ണീർ കുടിക്കേണ്ടി വരും. ചേരാനെല്ലൂർ കേസിലടക്കം ഒരു കുടുംബത്തിന്റെ പ്രതീക്ഷ തകർത്തത് 17-കാരനാണ്. തങ്ങളുടെ കുടുംബത്തിന്റെ പ്രതീക്ഷ ഇല്ലാതാക്കിയതും 17 വയസ്സുകാരനാണെന്നും, അതിനാൽ നിയമത്തിലെ പ്രായപരിധി 13 ആക്കി കുറയ്ക്കണമെന്നും ആര്യ വ്യക്തമാക്കി.
അന്വേഷണത്തിൽ പൂർണ്ണ തൃപ്തി; നിർണ്ണായക തെളിവുകൾ ലഭിച്ചു
കേസിലെ പോലീസ് അന്വേഷണം വളരെ മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും ഉറപ്പായും നീതി ലഭിക്കുമെന്നാണ് വിശ്വാസമെന്നും ആര്യ പറഞ്ഞു. പ്രതികൾ ആസൂത്രിതമായാണ് കുറ്റകൃത്യം നടപ്പാക്കിയത്. ഉമറും കുടുംബവും ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്. അന്വേഷണ മികവുകൊണ്ടാണ് കേസിലെ ഏറ്റവും നിർണ്ണായക തെളിവുകളായ ബെൽറ്റും മൊബൈൽ ഫോണും കഴിഞ്ഞ ദിവസം കണ്ടെടുക്കാനായത്. നാല് പ്രതികളെയും നിയമത്തിന് മുന്നിൽ കുടുക്കാൻ ഈ തെളിവുകൾ തന്നെ ധാരാളമാണെന്നും ആര്യ കൂട്ടിച്ചേർത്തു.




+ There are no comments
Add yours