കുൽഗാം: ജമ്മു കശ്മീരിലെ കുൽഗാമിൽ സി.ആർ.പി.എഫ് ജവാന്മാർക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ കനത്ത തിരിച്ചടി നൽകി സുരക്ഷാസേന. സൈനികരെ ആക്രമിച്ച സംഘത്തിലെ പ്രധാനിയായ ലഷ്കർ-ഇ-തൊയ്ബ ഭീകരൻ ലത്തീഫ് ഭട്ടിനെയാണ് സുരക്ഷാസേന വധിച്ചത്. ജമ്മു കശ്മീർ പോലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ മണിക്കൂറുകൾ നീണ്ട ഓപ്പറേഷനൊടുവിലാണ് ഭീകരനെ വധിച്ചത്.
ഒളിച്ചത് ആരാധനാലയത്തിൽ; കീഴടങ്ങാൻ വിസമ്മതിച്ചു
പുലർച്ചെ നാല് മണിയോടെയാണ് സുരക്ഷാസേന ഭീകരനെ കണ്ടെത്തുകയും ഏറ്റുമുട്ടൽ ആരംഭിക്കുകയും ചെയ്തത്. രക്ഷപ്പെടാൻ ശ്രമിച്ച ലത്തീഫ് ഭട്ട് സമീപത്തെ ഒരു മുസ്ലീം ആരാധനാലയത്തിൽ ഒളിക്കുകയായിരുന്നു. ആയുധങ്ങൾ താഴെ വെച്ച് കീഴടങ്ങാൻ സൈന്യം പലതവണ ആവശ്യപ്പെട്ടെങ്കിലും ഇയാൾ അതിന് തയ്യാറായില്ല. ഇതിന് പിന്നാലെയുണ്ടായ കനത്ത ഏറ്റുമുട്ടലിലാണ് സൈന്യം ഭീകരനെ വധിച്ചത്. ഓപ്പറേഷനിൽ ആരാധനാലയത്തിന് യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ലെന്ന് സുരക്ഷാസേന വ്യക്തമാക്കിയിട്ടുണ്ട്.
ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ
രണ്ട് ദിവസങ്ങൾക്ക് മുൻപാണ് കുൽഗാമിൽ സി.ആർ.പി.എഫ് വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണമുണ്ടായത്. ആക്രമണത്തിൽ മൂന്ന് സൈനികർക്ക് പരുക്കേറ്റിരുന്നു. ഈ ആക്രമണത്തിന് നേരിട്ട് നേതൃത്വം നൽകിയ മുഖ്യ സൂത്രധാരനായിരുന്നു ലത്തീഫ് ഭട്ട്. ഇയാളുടെ കൂട്ടാളിയെ സുരക്ഷാസേന കഴിഞ്ഞ ദിവസം വധിച്ചിരുന്നു. ലത്തീഫ് ഭട്ടിനെ സഹായിച്ചവരെ കണ്ടെത്താൻ മേഖലയിൽ സുരക്ഷാവിന്യാസം ശക്തമാക്കുകയും തിരച്ചിൽ തുടരുകയും ചെയ്യുകയാണ്.
‘ചില വിഭവങ്ങൾ തണുപ്പിച്ച് വിളമ്പുന്നതാണ് നല്ലത്’
ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയ സുരക്ഷാസേനയെ സി.ആർ.പി.എഫ് മേധാവി അഭിനന്ദിച്ചു. “കൊടുംതണുപ്പിലും ചില വിഭവങ്ങൾ തണുപ്പിച്ച് വിളമ്പുന്നതാണ് നല്ലത്” (Revenge is a dish best served cold) എന്നായിരുന്നു സി.ആർ.പി.എഫ് ഡി.ജി ജി.പി സിംഗിന്റെ പ്രതികരണം. ഭീകരർക്ക് ‘ഓടാം, പക്ഷേ ഒളിക്കാനാവില്ല’ (You can run, but you can’t hide) എന്നാണ് ജമ്മു കശ്മീർ പോലീസ് പ്രതികരിച്ചത്.




+ There are no comments
Add yours