സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റ്; ഡി.സി.സി അംഗം സുഹൈൽ ഷാജഹാനെ കോൺഗ്രസ് പുറത്താക്കി

Estimated read time 1 min read

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിൽ പോലീസിന്റെ പിടിയിലായ തിരുവനന്തപുരം ഡി.സി.സി അംഗം സുഹൈൽ ഷാജഹാനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. കെ.പി.സി.സി നിർദേശത്തെ തുടർന്ന് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് ഇയാളെ നീക്കിയത്. തിരുവനന്തപുരത്തെ ഒരു വന്ധ്യതാ ചികിത്സാ ക്ലിനിക്ക് ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലാണ് സുഹൈൽ അറസ്റ്റിലായത്.

ക്ലിനിക്കിനെതിരെ ‘ചങ്ങാതിക്കൂട്ടം’ എന്ന സോഷ്യൽ മീഡിയ പേജിൽ സുഹൈൽ നേരത്തെ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇത് നീക്കം ചെയ്യുന്നതിനായി 10 ലക്ഷം രൂപ ആവശ്യപ്പെടുകയും, വഴങ്ങിയില്ലെങ്കിൽ മാധ്യമങ്ങളിലൂടെ വാർത്ത നൽകുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇതോടെ ആശുപത്രി ഉടമ പേട്ട പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസിന്റെ നിർദ്ദേശപ്രകാരം പണം നൽകാമെന്ന് അറിയിച്ച് പ്രതിയെ ആശുപത്രിയിലേക്ക് വിളിച്ചുവരുത്തുകയും, പണം കൈപ്പറ്റുന്നതിനിടെ പോലീസ് കയ്യോടെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

സുഹൈൽ ഷാജഹാന്റെ ഇടപാടുകളിലും ബന്ധങ്ങളിലും കടുത്ത ദുരൂഹതയുണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. എം.പി ഇല്ലാതെ എം.പിയുടെ ബോർഡ് വെച്ച വാഹനത്തിൽ ഇയാൾ സ്ഥിരമായി യാത്ര ചെയ്തത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. കൊച്ചിയിൽ ‘ഓപ്പറേഷൻ തൂഫാന്റെ’ പേരിൽ ഗുണ്ടകളുടെ യോഗം വിളിച്ചതുമുതൽ സുഹൈൽ പോലീസ് നിരീക്ഷണത്തിലാണ്. ഉന്നതരുമായുള്ള ബന്ധം ഉപയോഗിച്ച് ‘ക്വട്ടേഷൻ’ ഇടപാടുകൾക്ക് ഇയാൾ ശ്രമിച്ചിരുന്നതായും സംശയമുണ്ട്.

എ.കെ.ജി സെന്റർ ആക്രമണ കേസ് തനിക്കൊരു അലങ്കാരമായാണ് ഇയാൾ കൊണ്ടുനടന്നിരുന്നതെന്ന് പോലീസ് പറയുന്നു. ഇതിന് പുറമെ, ചേന്തി അനിൽ, രമ്യ ഹരിദാസ് തുടങ്ങിയവരുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ സുഹൈലിന്റെ അനാവശ്യ ഇടപെടലുകൾ കോൺഗ്രസ് നേതൃത്വത്തിലും കടുത്ത അതൃപ്തിക്ക് കാരണമായിരുന്നു.

+ There are no comments

Add yours