ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. ലഷ്കർ-ഇ-തൊയ്ബ കമാൻഡർ മുഹമ്മദ് ലത്തീഫ് ഭട്ടിനെയാണ് സൈന്യം വളഞ്ഞത്. ആയുധങ്ങൾ താഴെവെച്ച് കീഴടങ്ങാൻ ഭീകരനോട് ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങൾ സേന പുറത്തുവിട്ടിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലിൽ ഭട്ടിനും ഉമർ നിസാർ ദാർ എന്ന മറ്റൊരു ഭീകരനും നേരെ സുരക്ഷാ സേന വെടിയുതിർത്തിരുന്നു. അന്ന് ഉമർ നിസാർ ദാർ കൊല്ലപ്പെട്ടെങ്കിലും പരിക്കുകളോടെ ഭട്ട് രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കായുള്ള തിരച്ചിലിനിടെയാണ് ഒളിച്ചിരുന്ന ഭീകരർ സേനയ്ക്ക് നേരെ വീണ്ടും വെടിയുതിർത്തത്. സുരക്ഷാ സേന ശക്തമായി തിരിച്ചടിക്കുന്നുണ്ട്.
അതേസമയം, കുൽഗാമിലെ തിരച്ചിലിനിടെ മൂന്ന് ജവാന്മാർക്ക് പരിക്കേറ്റ പശ്ചാത്തലത്തിൽ സുരക്ഷാ സേനയ്ക്ക് കർശന നിർദ്ദേശങ്ങൾ നൽകി. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ നിർബന്ധമായും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിക്കണമെന്നും മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നും നിർദ്ദേശമുണ്ട്. ഒരേ സ്ഥലത്ത് ദീർഘനേരം നിശ്ചലമായി നിൽക്കരുതെന്നും എപ്പോഴും ചുറ്റുപാടുകളെക്കുറിച്ച് കനത്ത ജാഗ്രത പുലർത്തണമെന്നും സേനയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.




+ There are no comments
Add yours