കോഴിക്കോട്: റൂറൽ പൊലീസ് പരിധിയിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ പെരുകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഉൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പേരിൽ വ്യാജ ലിങ്കുകൾ നിർമ്മിച്ചാണ് തട്ടിപ്പ് സംഘങ്ങൾ പ്രധാനമായും ആളുകളെ വലയിലാക്കുന്നത്.
കഴിഞ്ഞ 11 മാസത്തിനിടെ കോഴിക്കോട് റൂറൽ ജില്ലയിൽ നിന്ന് മാത്രം 20,42,78,046 രൂപയാണ് ഓൺലൈൻ തട്ടിപ്പിലൂടെ ആളുകൾക്ക് നഷ്ടപ്പെട്ടത്. ഈ കാലയളവിൽ സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട് 2,714 പരാതികളാണ് പൊലീസിന് ലഭിച്ചത്. വ്യാജ നിക്ഷേപ പദ്ധതികളുടെ പേരിലുള്ള ഇത്തരം ലിങ്കുകൾ നീക്കം ചെയ്യാൻ മെറ്റയോട് (Meta) പൊലീസ് ആവശ്യപ്പെടാറുണ്ടെങ്കിലും, മറ്റ് പല പേരുകളിൽ ഇവ വീണ്ടും പ്രത്യക്ഷപ്പെടുന്നത് അന്വേഷണത്തിന് വലിയ വെല്ലുവിളിയാകുന്നുണ്ട്.
ഗ്രാമപ്രദേശങ്ങളിൽ ഉൾപ്പെടെ തട്ടിപ്പ് വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് പുറമെ ബാങ്ക് അധികൃതരും ജാഗ്രത പുലർത്തണമെന്ന് പൊലീസ് നിർദ്ദേശിച്ചു. സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളോ തട്ടിപ്പുകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടണമെന്നും അധികൃതർ വ്യക്തമാക്കി.




+ There are no comments
Add yours