കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയും അമേരിക്കൻ വ്യവസായിയുമായിരുന്ന ജെഫ്രി എപ്സ്റ്റീന്റെ മരണം ആത്മഹത്യയല്ലെന്ന സംശയം വീണ്ടും ബലപ്പെടുന്നു. എപ്സ്റ്റീന്റെ പോസ്റ്റ്മോർട്ടം രേഖകളും ചിത്രങ്ങളും പരിശോധിച്ചതിന് ശേഷം അമേരിക്കയിലെ പ്രമുഖ ഫോറൻസിക് വിദഗ്ധനായ മൈക്കൽ ഫ്രീമാനാണ് കൊലപാതകമെന്ന സംശയം ഉന്നയിച്ച് രംഗത്തെത്തിയത്.
ലൈംഗിക കടത്ത് കേസിൽ വിചാരണ നടക്കാനിരിക്കെ 2019 ഓഗസ്റ്റ് 10-നാണ് ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ ജയിലിൽ എപ്സ്റ്റീനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങിമരിച്ചതിന് സമാനമായ പരിക്കുകളാണെന്ന മെഡിക്കൽ എക്സാമിനറുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ മരണം ആത്മഹത്യയാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.
എന്നാൽ, എപ്സ്റ്റീന്റെ ശരീരത്തിലെ പരിക്കുകൾ സാധാരണ ആത്മഹത്യയുമായി പൊരുത്തപ്പെടുന്നില്ലെന്നാണ് മൈക്കൽ ഫ്രീമാൻ ഇപ്പോൾ വ്യക്തമാക്കുന്നത്. പിന്നിൽനിന്ന് കഴുത്തിൽ കുരുക്കിട്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാകാമെന്ന് അദ്ദേഹം വിലയിരുത്തുന്നു. എപ്സ്റ്റീന്റെ ഇടത് തോളിൽ ആഴത്തിലുള്ള ആന്തരിക രക്തസ്രാവവും മുഖത്ത് അടിയേറ്റതെന്ന് സംശയിക്കാവുന്ന പരിക്കുകളും ഫ്രീമാൻ ചൂണ്ടിക്കാട്ടുന്നുണ്ട്. കഴുത്തിലെ കുരുക്കിന്റെ പാടിന് മുകളിലായി നഖത്തിന്റെ പാടുകൾക്ക് സമാനമായ അടയാളങ്ങൾ മരണത്തിന് മുമ്പ് നടന്ന മൽപ്പിടുത്തത്തിന്റെ സൂചനയാകാമെന്നാണ് നിരീക്ഷണം. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം തൂക്കിയിട്ടതാകാമെന്നാണ് ഫ്രീമാന്റെ അനുമാനം.
എപ്സ്റ്റീന്റെ സഹോദരൻ മാർക്ക് എപ്സ്റ്റീനാണ് പുതിയ ഫോറൻസിക് പരിശോധനയ്ക്കാവശ്യമായ രേഖകളും ചിത്രങ്ങളും കൈമാറിയത്. സഹോദരന്റേത് കൊലപാതകമാണെന്ന് മാർക്ക് നേരത്തെ തന്നെ ആരോപിച്ചിരുന്നു. അതേസമയം, ഫ്രീമാന്റെ കണ്ടെത്തലുകൾ ഇതുവരെ ഔദ്യോഗിക പിയർ റിവ്യൂവിന് വിധേയമായിട്ടില്ല. മൃതദേഹം നേരിട്ട് പരിശോധിക്കാതെ, രേഖകളുടെ മാത്രം അടിസ്ഥാനത്തിലാണ് ഫ്രീമാൻ ഈ നിഗമനങ്ങളിലെത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.




+ There are no comments
Add yours