കോഴിക്കോട്: കൊയിലാണ്ടി കൊടക്കാട്ടുമുറിയിൽ മൂന്നു വയസ്സുകാരനെ അങ്കണവാടി ടീച്ചർ മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ ജില്ലാ പോലീസ് മേധാവി, ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ഐ.സി.ഡി.എസ് (ICDS) ജില്ലാ പ്രോഗ്രാം മാനേജർ എന്നിവരോട് കമ്മിഷൻ അടിയന്തര വിശദീകരണം തേടിയിട്ടുണ്ട്. പരാതി ഉയർന്നതിന് പിന്നാലെ ആരോപണവിധേയയായ അധ്യാപികയെ ഐ.സി.ഡി.എസ് സസ്പെൻഡ് ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്ലാസിൽ മലവിസർജ്ജനം നടത്തിയെന്നാരോപിച്ചാണ് അധ്യാപിക കുട്ടിയെ തല്ലിയത്. അന്ന് വൈകുന്നേരം വീട്ടിൽ തിരിച്ചെത്തിയ കുട്ടിയെ കുളിപ്പിക്കുന്നതിനിടെ ദേഹത്ത് അടിയേറ്റ പാടുകൾ കണ്ട മാതാപിതാക്കൾ വിവരമന്വേഷിച്ചപ്പോഴാണ് മർദ്ദനവിവരം പുറത്തറിയുന്നത്. അങ്കണവാടിയിലെ മറ്റ് കുട്ടികളും അധ്യാപിക തല്ലിയത് ശരിവെച്ചു.
തുടർന്ന് കുട്ടിയുടെ പിതാവ് പോലീസിലും ചൈൽഡ് ലൈനിലും പരാതി നൽകുകയായിരുന്നു. എന്നാൽ സംഭവത്തിൽ പരാതി നൽകിയതിന് പിന്നാലെ വാർഡ് മെമ്പർ ഉൾപ്പെടെയുള്ളവർ ഇടപെട്ട് കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചതായി കുട്ടിയുടെ പിതാവ് ആരോപിച്ചിട്ടുണ്ട്.




+ There are no comments
Add yours