‘തീവെപ്പിന്റെ കാരണം തർക്കവിഷയമല്ല, മോദി സർക്കാർ ഇടപെട്ടിട്ടില്ല’; സോണിയാ ഗാന്ധിയുടെ ഗോധ്ര പരാമർശം തള്ളി മുൻ സി.ബി.ഐ ഡയറക്ടർ

Estimated read time 1 min read

ന്യൂഡൽഹി: ഗോധ്ര സംഭവത്തെക്കുറിച്ച് സോണിയാ ഗാന്ധിയുടെ ഓർമക്കുറിപ്പിലുള്ള പരാമർശങ്ങൾ തള്ളി മുൻ സി.ബി.ഐ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താന. സബർമതി എക്സ്പ്രസിന് തീവെച്ചതിന്റെ കാരണം ഇപ്പോഴും തർക്കവിഷയമാണെന്ന സോണിയയുടെ വാദം പൂർണ്ണമായും തെറ്റാണെന്നും, സമഗ്രമായ അന്വേഷണത്തിലെ ഫോറൻസിക് കണ്ടെത്തലുകൾ കോടതി ശരിവെച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.

വാർത്താ ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിലാണ് അസ്താനയുടെ പ്രതികരണം. കേസ് അന്വേഷണത്തിൽ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയോ സംസ്ഥാന സർക്കാരോ യാതൊരു ഇടപെടലുകളും നടത്തിയിട്ടില്ല. അന്വേഷണ സംഘത്തിൽ മുസ്ലീം ഉദ്യോഗസ്ഥരെ ഉൾപ്പെടെ സർക്കാർ നിയോഗിച്ചിരുന്നു. വ്യക്തമായ കണ്ടെത്തലുകളുള്ള കേസിനെ ചോദ്യം ചെയ്യുന്നത് തികഞ്ഞ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ്. കൂടാതെ, ജസ്റ്റിസ് യു.സി. ബാനർജി കമ്മിഷനെ ഉപയോഗിച്ച് ലാലു പ്രസാദ് യാദവ് തന്നെ കുടുക്കാൻ ശ്രമിച്ചിരുന്നതായി ഒരു മാധ്യമപ്രവർത്തകൻ വഴി അറിഞ്ഞിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.

2002 ഫെബ്രുവരി 27-നാണ് കർസേവകരുമായി സഞ്ചരിച്ചിരുന്ന സബർമതി എക്സ്പ്രസിന് തീവെച്ചത്. സ്ത്രീകളും കുട്ടികളുമടക്കം 59 പേരാണ് അന്ന് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെയാണ് ഗുജറാത്തിലുടനീളം വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ടതും നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടതും. നാല് കോച്ചുകൾക്ക് തീയിട്ട സംഭവത്തിന്റെ കാരണങ്ങൾ ഇപ്പോഴും തർക്കവിഷയമാണെന്നായിരുന്നു സോണിയാ ഗാന്ധി പുസ്തകത്തിൽ പരാമർശിച്ചിരുന്നത്. ഈ വാദമാണ് അസ്താന പൂർണ്ണമായും തള്ളിയത്.

+ There are no comments

Add yours