ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ ബാധിച്ച്, 36 മണിക്കൂറിലേറെ നീണ്ടുനിന്ന ആഗോള സാങ്കേതിക തകരാർ പരിഹരിച്ചതായി മൈക്രോസോഫ്റ്റ് അറിയിച്ചു. ഔട്ട്‌ലുക്ക്, മൈക്രോസോഫ്റ്റ് ടീംസ്, കോപൈലറ്റ് ഉൾപ്പെടെയുള്ള മൈക്രോസോഫ്റ്റ് 365 സേവനങ്ങളെല്ലാം പൂർണ്ണമായും പുനഃസ്ഥാപിച്ചു. കഴിഞ്ഞ വ്യാഴാഴ്ച (നവംബർ 12) ആരംഭിച്ച തകരാർ ഇന്ത്യയുൾപ്പെടെ 70-ലധികം രാജ്യങ്ങളിലെ വ്യവസായങ്ങളെയും വ്യക്തികളെയും സാരമായി ബാധിച്ചിരുന്നു.
എക്‌സ്‌ചേഞ്ച് ഓൺലൈൻ (Exchange Online) മെയിൽബോക്‌സുകളിലുണ്ടായ തടസ്സമാണ് വലിയ പ്രതിസന്ധിക്ക് കാരണമായത്. ഇതോടെ ഔട്ട്‌ലുക്ക് വഴിയുള്ള ഇമെയിൽ ആശയവിനിമയം പൂർണ്ണമായും നിലച്ചു. പിന്നീട് ഷെയർപോയിന്റ്, പ്ലാനർ തുടങ്ങിയ മറ്റ് 365 സേവനങ്ങളിലേക്കും പ്രശ്നം വ്യാപിക്കുകയായിരുന്നു. മൈക്രോസോഫ്റ്റ് സേവനങ്ങളെ ആശ്രയിക്കുന്ന നിരവധി സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ഇത് താറുമാറാക്കി. ഇന്ത്യയിൽ ഇൻഡിഗോ എയർലൈൻസിന്റെ കസ്റ്റമർ സപ്പോർട്ട് സംവിധാനത്തെയും ഇത് ബാധിച്ചിരുന്നു.
നെറ്റ്‌വർക്ക് ശേഷി വർധിപ്പിക്കുന്നതിനായുള്ള അപ്‌ഗ്രേഡിനിടെയുണ്ടായ സാങ്കേതിക പിഴവാണ് തകരാറിന് കാരണമെന്ന് കമ്പനി വ്യക്തമാക്കി. ഇതൊരു സൈബർ ആക്രമണമോ എ.ഐ ഏജന്റുകളുടെ ഇടപെടലോ അല്ലെന്നും മൈക്രോസോഫ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെയോടെയാണ് എല്ലാ സേവനങ്ങളും പൂർവ്വസ്ഥിതിയിലായെന്ന ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നത്. പ്രശ്നങ്ങൾ പൂർണ്ണമായും പരിഹരിച്ചെങ്കിലും സിസ്റ്റങ്ങളുടെയും ഇമെയിലുകളുടെയും പ്രവർത്തനം കമ്പനി തുടർന്നും നിരീക്ഷിച്ചുവരികയാണ്.




+ There are no comments
Add yours