പുഷ്പവതിയുടെ പരിപാടിക്ക് അനുമതി നിഷേധിച്ചു; നടപടിയെ ന്യായീകരിച്ച് മേയർ വി.വി. രാജേഷ്, പ്രതിഷേധവുമായി സാംസ്‌കാരിക കൂട്ടായ്മകൾ

Estimated read time 0 min read

തിരുവനന്തപുരം: മാനവീയം വീഥിയിൽ പിന്നണി ഗായിക പുഷ്പവതിയുടെ പരിപാടിക്ക് നഗരസഭ അനുമതി നിഷേധിച്ചതിൽ ന്യായീകരണവുമായി മേയർ വി.വി. രാജേഷ്. ആർക്കും എന്തും നടത്താനുള്ള ഇടമല്ല മാനവീയം വീഥിയെന്നും, പരിപാടികളുടെ ആധികാരികത പരിശോധിച്ച ശേഷം മാത്രമേ അനുമതി നൽകുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ മാനവീയം വീഥിയുടെ പൂർണ്ണ ചുമതല നഗരസഭയ്ക്കാണ്.

മാനവീയം സാംസ്‌കാരിക കൂട്ടായ്മയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് പുഷ്പവതിയുടെ പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. അനുമതിക്കായി നഗരസഭയിൽ അപേക്ഷ നൽകിയെങ്കിലും മേയർ ഒപ്പിട്ടില്ലെന്നാണ് സംഘാടകർ പറയുന്നത്. എന്നാൽ, അനുമതി തേടി ആരും തന്നെ സമീപിച്ചിട്ടില്ലെന്നാണ് മേയറുടെ വിശദീകരണം. മുൻ എൽ.ഡി.എഫ് ഭരണസമിതി കൊണ്ടുവന്ന നിയന്ത്രണങ്ങൾ മാത്രമാണ് ഇപ്പോഴുള്ളതെന്നും, ബി.ജെ.പി ഭരണസമിതി പുതിയതായി ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്നും വി.വി. രാജേഷ് കൂട്ടിച്ചേർത്തു.

നഗരസഭയുടെ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. മേയറുടെ നിലപാടിൽ പ്രതിഷേധിച്ച് നാളെ മാനവീയം വീഥിയിൽ സാംസ്‌കാരിക സംഘടനകളുടെ നേതൃത്വത്തിൽ വിപുലമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

+ There are no comments

Add yours